അയോധ്യയിൽ ബാബറി മസ്ജിദ് നീക്കം ചെയ്യണമെന്ന ഹർജി കോടതി തള്ളി

ലഖ്നൗ: ഷാഹി ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്താണ് നിർമിച്ചെതെന്നാരോപിച്ച് സമർപ്പിച്ച ഹർജി കോടതി തള്ളി. ഉത്തർപ്രദേശിലെ മഥുര കോടതിയാണ് കേസ് തള്ളിയത്. അയോധ്യയിൽ ബാബറി മസ്ജിദ് തകർത്ത കേസിലെ മുഴുവൻ പ്രതികളേയും വെറുതെ വിട്ട സിബിഐ കോടതി വിധിക്ക് പിന്നാലെയായിരുന്നു ഇത്.
കഴിഞ്ഞ ആഴ്ചയാണ് ശ്രീകൃഷ്ണ ജന്മഭൂമി വീണ്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകൾ മഥുര കോടതിയിൽ ഹർജി നൽകിയത്. മുഗൾ ചക്രവർത്തിയായ ഔറംഗസേബ് കൃഷ്ണ ജന്മഭൂമി എന്ന് കരുതുന്ന പ്രദേശത്തുള്ള ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്താണ് പള്ളി നിർമിച്ചതെന്നാണ് ഹർജിക്കാരുടെ വാദം.

മഥുരയിൽ കത്ര കേശവ് ദേവ് ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.1991ലെ ആരാധനാസ്ഥല നിയമം ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ രാജ്യത്തെ ആരാധനാലയങ്ങൾ എപ്രകാരമായിരുന്നോ ആ അവസ്ഥയ്ക്ക് മാറ്റംവരുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഹർജികളെ കോടതികൾ പ്രോത്സാഹിപ്പിക്കരുതെന്ന് ഈ നിയമം അനുശാസിക്കുന്നു.

എന്നാൽ അയോധ്യ ഭൂമിതർക്കത്തെ ഈ നിയമത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഷാഹി ഈദ്ഗാഹ് മാനേജ്മെന്റ് കമ്മിറ്റിയും ശ്രീകൃഷ്ണ ജന്മസ്ഥൻസേവ സൻസ്ഥാനും തമ്മിലുള്ള ഭൂമി കരാർ അംഗീകരിക്കുന്ന 1968-ലെ കോടതി വിധി റദ്ദാക്കണമെന്നും മഥുര സീനിയർ സിവിൽ ജഡ്ജി ഛായ ശർമക്ക് മുന്നിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഇത്തരത്തിൽ ഒരു ഹർജി നൽകിയതിനെ മഥുരയിലെ പുരോഹിതസംഘം അപലപിച്ചു. മഥുരയിലെ സമാധാനം തകർക്കാൻ പുറത്തുനിന്നുള്ള ചില ആളുകൾ ശ്രമിക്കുന്നതായി അഖില ഭാരതീയ തീർത്ഥ പുരോഹിത് മഹാസഭ പ്രസിഡന്റ് മഹേഷ് പതക് പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിൽ ഇരുപാർട്ടികളും ഒത്തുതീർപ്പുണ്ടാക്കിയതിന് ശേഷം മഥുരയിൽ ഒരു തരത്തിലും ക്ഷേത്ര-പള്ളി തർക്കം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *