അൽസൈമേഴ്സിനെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചി: അൽസൈമേഴ്സിനെക്കുറിച്ച് ധാരാളം തെറ്റായ പ്രചാരണം നടക്കുന്നുണ്ടെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. കൊച്ചി നഗരത്തെ ഇന്ത്യയിലെ തന്നെ ആദ്യ ഡിമെൻഷ്യ സൗഹൃദ സമൂഹമാക്കുകയെന്ന ലക്ഷ്യവുമായി എറണാകുളം ജില്ലാ ഭരണകൂടവും കുസാറ്റിലെ സെന്റർ ഫോർ ന്യൂറോ സയൻസസിന്റെ പ്രജ്ഞയും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൽസൈമേഴ്സ് ബാധിതരെ പരിപാലിക്കുന്നവരാണ് യഥാർഥ ഹീറോ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അവർക്ക് വേണ്ട പിൻബലം നൽകാൻ ഈ സമ്മേളനത്തിന് സാധിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
ജില്ല ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സലീന വി ജി നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബിപിസിഎൽ കൊച്ചി എക്സിക്യുട്ടിവ് ഡയറക്ടർ പ്രസാദ് കെ പണിക്കർ, എറണാകുളം ജില്ലാ ഭരണകൂടവും കുസാറ്റിലെ സെന്റർ ഫോർ ന്യൂറോ സയൻസസിന്റെ പ്രജ്ഞയും സംയുക്തമായി സംഘടിപ്പിക്കുന്ന ഉദ്ബോധ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഉദ്ബോധ് ചെയർമാൻ ഡോ. ജേക്കബ് റോയ്, കുസാറ്റ് ബയോ ടെക്നോളജി വിഭാഗം മേധാവി പ്രൊഫ. സരിത ജിഭട്ട്, എൻഎച്ച്എം സ്റ്റേറ്റ് കോർഡിനേറ്റർ ഡോ. പ്രവീൺ ജി പൈ, കുസാറ്റ് സെന്റർ ഫോർ ന്യൂറോ സയൻസ് ഡയറക്ടർ ഡോ. ബേബി ചക്രപാണി, ഉദ്ബോധ് കോർഡിനേറ്റർ പ്രസാദ് എംഗോപാൽ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ സെഷനുകളിലായി നടന്ന ക്ലാസുകൾക്ക് യൂണിവേഴ്സിറ്റി ഓഫ് കാലിഫോണിയ സാൻഡീഗോയിലെ മെഡിസിൻ ആൻഡ് ഫിസിയോളജി വകുപ്പ് പ്രൊഫസർ എഡ്വേഡ് കൂ, യുകെയിലെ കെയർമാർക് ഇന്റർനാഷണൽ സിഇഒ കെവിൻ ലൂയി, ജർമനിയിലെ ഹെൽംഹോൾട്സ് സെന്റർ ഫോർ ഇൻഫെക്ഷൻ റിസേർച്ചിലെ പ്രൊഫസർ മാർട്ടിൻ കോർട്ട്, സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി, നിംഹാൻസ് ബെംഗലൂരുവിലെ സൈക്യാട്രി വിഭാഗം പ്രൊഫസർ മാത്യു വർഗീസ്, ഓസ്ട്രേലിയയിലെ എഡിത്ത് കോവൻ യൂണിവേഴ്സിറ്റി ഏജിങ് ആൻഡ് അൽഷിമേഴ്സ് ഡിസീസ് ഫൗണ്ടേഷൻ ചെയർ ഡോ. റാൽഫ് മാർട്ടിൻസ്, ഡബ്ല്യൂഎച്ച്ഒ നാഷണൽ പ്രൊഫഷണൽ ഓഫീസർ ഡോ. ആത്രേയി ഗാംഗുലി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *