എന്റെ നഗരം സുന്ദര നഗരം;പാഴ് വസ്തുക്കള്‍ ശേഖരിച്ച് കട്ടപ്പന നഗരസഭ

ഇടുക്കി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും, മാലിന്യ സംസ്‌കരണവും ഏറ്റെടുത്ത് കട്ടപ്പന നഗരസഭ. ഇതിന്റെ ഭാഗമായി ‘എന്റെ നഗരം സുന്ദര നഗരം’ പരിപാടിയിലൂടെ നഗരസഭാ പരിധിയിലെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യങ്ങളും  പാഴ് വസ്തുക്കളും ശേഖരിച്ച്, നഗരസഭയെ മാലിന്യവിമുക്തമാക്കുകയാണ് ലക്ഷ്യം.

പ്ലാസ്റ്റിക് കാരിബാഗുകള്‍, പഴയതും ഉപയോഗ ശൂന്യമായതുമായ ബാഗുകള്‍, ചെരിപ്പുകള്‍, കുടകള്‍, തെര്‍മ്മോക്കോള്‍, പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍, ബെഡ്ഡുകള്‍, പില്ലോകള്‍, ഇ-വേസ്റ്റുകള്‍, (കുപ്പി, കുപ്പിച്ചില്ലുകള്‍, പാംപറുകള്‍ ഒഴികെ) തുടങ്ങിയ അജൈവ മാലിന്യങ്ങളെല്ലാം വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഒഴിവാക്കാനാകും. അജൈവമാലിന്യശേഖരണത്തിന് വിപുലമായ ക്രമീകരണമാണ് നഗരസഭയും ആരോഗ്യ വിഭാഗവും സജ്ജീകരിച്ചിട്ടുള്ളത്. ഓരോ വാര്‍ഡിലും പാഴ് വസ്തു ശേഖരണത്തിന് 3 മുതല്‍ 5 വരെ കേന്ദ്രങ്ങളാണ് ക്രമീകരിച്ചത്. 75 ഓളം കളക്ഷന്‍ സെന്ററുകളുണ്ട്. പൂര്‍ണ്ണമായും കോവിഡ് പ്രതിരോധ, മുന്‍കരുതല്‍ മാനദണ്ഡങ്ങള്‍ പാലിച്ചാണ് അജൈവ മാലിന്യങ്ങള്‍ ശേഖരിച്ചതെന്ന് നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു. ഓരോ വാര്‍ഡിലും പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന സ്ഥലം, സമയം തുടങ്ങിയവ മുന്‍കൂട്ടി അറിയിച്ചിരുന്നു. അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വീടൊന്നിന് ഒരു വര്‍ഷത്തേയ്ക്ക് 360 രൂപയാണ് ഫീസ്. ആദ്യ തവണ 60 രൂപയാണ് അടയ്ക്കേണ്ടത്. ഒരു വര്‍ഷത്തെ തുക ഒരുമിച്ച് അടയ്ക്കുകയാണെങ്കില്‍ 300 രൂപ അടച്ചാല്‍ മതിയാകും.

മഴക്കാലം ആരംഭിക്കുന്നതോടു കൂടി കൊതുകുജന്യ രോഗങ്ങള്‍, എലിപ്പനി, മറ്റ് ജലജന്യ രോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നു പിടിക്കുവാനുള്ള സാദ്ധ്യത മുമ്പില്‍ കണ്ടാണ് നഗരസഭാ ആരോഗ്യ വിഭാഗം ശുചീകരണ നടപടികള്‍ ശക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *