അബുദാബി: ഐപിഎൽ 13-ാം സീസണിന് ആവേശത്തുടക്കം കുറിച്ചു. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ പവർപ്ലേയിൽ മുംബൈ ഇന്ത്യൻസിന് ഇരട്ട നഷ്ടം. പവർപ്ലേയിൽ മുംബൈ 51 റൺസ് അടിച്ചുകൂട്ടിയെങ്കിലും രോഹിത് ശർമ്മയും(10 പന്തിൽ 12) ക്വിൻറൺ ഡികോക്കും(20 പന്തിൽ 33) വീണു. പീയുഷ് ചൗളയ്ക്കും സാം കറനുമാണ് വിക്കറ്റ്. ആറ് ഓവർ പൂർത്തിയാകുമ്ബോൾ സൂര്യകുമാർ യാദവും(1), സൗരഭ് തിവാരിയും(3) ആണ് ക്രീസിൽ. ചാഹറിന്റെ ആദ്യ ഓവറിൽ 12 റൺസടിച്ചാണ് മുംബൈ ഓപ്പണർമാരായ രോഹിത് ശർമ്മയും ക്വിൻറൺ ഡികോക്കും തുടങ്ങിയത്.
രണ്ടാം ഓവറിൽ ഏഴ് റൺസും മൂന്നാം ഓവറിൽ എട്ട് റൺസും മാത്രം വിട്ടുകൊടുത്ത് ചെന്നൈ ചെറിയ ചെറുത്തുനിൽപ് കാട്ടി. എന്നാൽ നാലാം ഓവറിൽ എങ്കിഡിക്കെതിരെ 18 റൺസ് അടിച്ചുകൂട്ടി. ഇതോടെ സ്പിന്നർ പീയുഷ് ചൗളയെ ധോണി വിളിച്ചു. കളിയിലെ ആദ്യ ട്വിസ്റ്റ് ചൗളയുടെ കൈകളിൽ നിന്നെത്തി. നാലാം പന്തിൽ രോഹിത് ശർമ്മ സാം കറന്റെ കൈകളിൽ അവസാനിച്ചു. ഈ ഓവറിൽ മൂന്ന് റൺസ് മാത്രമാണ് നേടിയത്. പവർപ്ലേയിലെ അവസാന ഓവറിൽ ആദ്യ പന്തിൽ തന്നെ ഡികോക്കിനെ വാട്സണിൻറെ കൈകളിലെത്തിച്ച് സാം കറൻ മുംബൈക്ക് ഇരട്ട പ്രഹരം നൽകി. എങ്കിലും പവർപ്ലേയിൽ 50 കടക്കാൻ മുംബൈക്കായി.