എറണാകുളം: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ഈ മാസത്തിനകം പൂർത്തിയാകും. വെള്ളക്കെട്ടിന് കാരണമാകുന്ന കാനകൾ, ചെറുതോടുകൾ എന്നിവയിലെ തടസങ്ങൾ മാറ്റി പ്രധാനതോടുകളിലേക്ക് മഴവെള്ളം എത്തിക്കുന്നതിനുള്ള വിവിധ പ്രവൃത്തികളാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയാകുന്നത്. ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നേറുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.
ഒന്നാംഘട്ട പ്രവർത്തനങ്ങളിൽ ഇനി പ്രധാനമായും പൂർത്തിയാകാനുള്ളത് കമ്മട്ടിപ്പാടം, മാത്യു പൈലി റോഡ് എന്നിവിടങ്ങളിലെ കാനകളുടെയും കൾവർട്ടുകളുടെയും നിർമ്മാണ പ്രവർത്തനങ്ങളാണ്. ലോക്ക് ഡൗൺ മൂലം പ്രവൃത്തി ദിനങ്ങൾ നഷ്ടമായതും റെയിൽവേ ലൈൻ കടന്ന് നിർമ്മാണ സാമഗ്രികൾ എത്തിക്കുന്നതിനുള്ള തടസങ്ങളും തുടർച്ചയായുള്ള മഴയുമാണ് ഇവിടെ നിർമ്മാണ പ്രവൃത്തികൾ വൈകിക്കുന്നത്. പ്രതിബന്ധങ്ങളെ തരണം ചെയ്ത് ഈ മാസത്തിനുള്ളിൽ ഒന്നും രണ്ടും ഘട്ടങ്ങളിലെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കുവാനുള്ള പരിശ്രമത്തിലാണ് നിർമ്മാണ ചുമതലയുളള വിവിധ വകുപ്പുകൾ.
ഈ മാസത്തിനകം രണ്ടാംഘട്ട പ്രവർത്തനങ്ങളും പൂർത്തിയാക്കുവാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. നഗരത്തിലെ പ്രധാനതോടുകള്‍ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍. നഗരത്തിലെ വെള്ളം പ്രധാന തോടുകളിലൂടെ കായലിലേക്ക് തടസ്സമില്ലാതെ ഒഴുകുന്നതിനാണ് ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി തേവര കായല്‍മുഖം, കോയിത്തറ കനാല്‍, ചിലവന്നൂര്‍ കായൽ, ചിലവന്നൂര്‍ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ഇടപ്പള്ളി തോട്ടിൽ പോള നീക്കം ചെയ്യുന്ന പ്രവർത്തനങ്ങളും ആവശ്യമായ ഇടങ്ങളിൽ തോടിന്റെ ആഴം കൂട്ടുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. 50 ലക്ഷം രൂപ ചെലവ് കണക്കാക്കുന്ന പ്രവർത്തനങ്ങളാണ് ഇവിടെ പുരോഗമിക്കുന്നത്. ചിലവന്നൂര്‍ കായലിൽ എക്കൽ നീക്കം ചെയ്ത് ഒഴുക്ക് സുഗമമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.