കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റേത് മാതൃകാപരമായ പദ്ധതി: മന്ത്രി സി. രവീന്ദ്രനാഥ്

നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ കൈത്താങ്ങ് 

ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി 

ആലപ്പുഴ : ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട് ഫോണ്‍ നല്‍കുന്ന കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി മാതൃകാപരമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്.  ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസിലൂടെ അധ്യയന വര്‍ഷത്തിന് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്ന കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

കേരളത്തിലെ 45 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കുമ്പോള്‍ പ്രധാനവെല്ലുവിളിയായിരുന്നത് സ്വന്തം വീടുകളില്‍ അതിനുള്ള സൗകര്യമുണ്ടോ എന്നതായിരുന്നു. വിദ്യാഭ്യാസ വകുപ്പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ രണ്ടു ലക്ഷം കുട്ടികള്‍ക്ക് ഇത്തരം സൗകര്യങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയെന്നും  അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തി  വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ 100% ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു. 

 ഓണ്‍ലൈന്‍ ക്ലാസുകള്‍ എല്ലാ കുട്ടികള്‍ക്കും  എത്തിക്കാനുള്ള ശ്രമങ്ങള്‍  നടക്കുന്നതിനിടയിലാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് കുട്ടികള്‍ക്ക് സഹായവുമായി എത്തിയതെന്നും ഇതൊരു തുടക്കമാകണമെന്നും എല്ലാവരും ഈ പദ്ധതി   മാതൃകയാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജനകീയ വിദ്യാഭ്യാസത്തിന്റെ ഭാഗമായി എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സ് ലഭിക്കണമെന്നുള്ള നിര്‍ബന്ധബുദ്ധിയാണ്  കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ഈ പദ്ധതിക്കു പിന്നിലെന്നും  മന്ത്രി പറഞ്ഞു.  

 73 കുട്ടികള്‍ക്കാണ് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നത്. പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടത്തിയ വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടെത്തിയത് തയ്യാറാക്കിയത്. ചാരമംഗലം ഗവണ്മെന്റ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശിഖ ശിവദാസിനാണ് ആദ്യ ഫോണ്‍ മന്ത്രി രവീന്ദ്രനാഥ് നല്‍കിയത്. കോവിഡ് പ്രതിരോധ മാസ്‌ക് വിറ്റഴിച്ചതിലൂടേ മിച്ചം ലഭിച്ച 4 ലക്ഷം രൂപ വിനിയോഗിച്ചാണ്  പഞ്ചായത്ത് സ്മാര്‍ട്ട് ഫോണ്‍ നല്‍കുന്നത്. 

 ഓണ്‍ലൈന്‍ പഠനം വീടുകള്‍ കേന്ദ്രീകരിക്കാതെ ഗ്രാമീണ വായനശാലകള്‍ പഠനമുറികള്‍ ആക്കണമെന്നും മന്ത്രി സി രവീന്ദ്രനാഥ് പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *