കായൽ സഞ്ചാരികൾക്ക് തനത് കരകൗശല കാഴ്ചകളുമായി അഷ്ടമുടി ക്രാഫ്റ്റ് സെന്റർ ഒരുങ്ങുന്നു

കായൽ ഭംഗി ആസ്വദിച്ച് ദൂരയാത്രകൾ നടത്തുന്ന സഞ്ചാരികൾക്ക് അഷ്ടമുടിയുടെ തനത് വിഭവങ്ങളുടെ കാഴ്ച്ചകൾ സമ്മാനിക്കാൻ ക്രാഫ്റ്റ് സെന്റർ ഒരുങ്ങുന്നു. പ്രസിദ്ധമായ അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിനോട് ചേർന്ന് ബോട്ട്‌ജെട്ടിക്ക് സമീപമാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. അടുത്ത മാസത്തോടെ പണികൾ പൂർത്തിയാകും.
അഷ്ടമുടിക്കായലിലൂടെയുള്ള സഞ്ചാരികളുടെ യാത്രയ്ക്കിടയിൽ ടൂറിസ്റ്റ് ഇടത്താവളങ്ങൾ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡി ടി പി സി യുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് സെന്റർ ഒരുങ്ങുന്നത്.
ഉരുൾ നേർച്ചയടക്കമുള്ള ഉത്സവാഘോഷങ്ങൾക്ക് പേരുകേട്ട വീരഭദ്രസ്വാമി ക്ഷേത്രവും പരിസരവും ഉത്സവകാലങ്ങളിൽ വൻവ്യാപാര മേളയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. അഷ്ടമുടിയുടെ തനത് കരകൗശല-ഭക്ഷ്യവിഭവങ്ങൾ അടക്കമുള്ളവ വ്യാപാര മേളയിൽ അണിനിരക്കും. ഈ പശ്ചാത്തലത്തിൽ പെരിനാടിന്റെ തനത് വസ്തുക്കളുടെ പ്രദർശനത്തിനുള്ള സ്ഥിരംവേദിയായി ക്രാഫ്റ്റ് സെന്റർ മാറുമെന്ന് ഡി ടി പി സി സെക്രട്ടറി സി സന്തോഷ്—കുമാർ പറഞ്ഞു.
ക്രാഫ്റ്റ് മ്യൂസിയത്തോടൊപ്പം സെയിൽസ് എംപോറിയം എന്ന ആശയമാണ് പദ്ധതിയിലൂടെ മുന്നോട്ടു വയ്ക്കുന്നത്. സഞ്ചാരികൾ അടക്കമുള്ളവർക്ക് വ്യത്യസ്ത കാഴ്ചകൾ കാണാനും സാധനങ്ങൾ വാങ്ങാനുമുള്ള അവസരം ക്രാഫ്റ്റ് സെന്ററിൽ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബശ്രീ വഴിയും തനത് വിഭവങ്ങൾ ശേഖരിച്ച് ക്രാഫ്റ്റ് മ്യൂസിയത്തിൽ എത്തിക്കും.
ക്രാഫ്റ്റ് സെന്റർ ഉയരുന്നതോടെ ഒരു നാടിന്റെ സാംസ്‌കാരിക പൈതൃകം ഒരു കുടക്കീഴിൽ സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കുമെന്നുറപ്പാണ്. 44 ലക്ഷം രൂപയാണ് പദ്ധതി ചെലവ്.

Leave a Reply

Your email address will not be published. Required fields are marked *