കൊച്ചി: ജി്ല്ലയിലെ വിവിധ പ്രദേശങ്ങളിൽ മഴക്കെടുതി രൂക്ഷമായിരിക്കുന്നു. ഇന്നലെ രാത്രി ഒൻപതുമണിയോടെ ആരംഭിച്ച മഴ തോരാതെ പെയ്തൊലിക്കുന്നതിനെ തുടർന്ന് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിലായി. ഇതിനോടകം പനമ്പള്ളി നഗർ, എംജി റോഡ്, തമ്മനം, കലൂർ, ഇടക്കൊച്ചി, പള്ളുരുത്തി എന്നീ റോഡുകളിൽ വെള്ളം നിറഞ്ഞു. തോപ്പുംപടി, സൗത്ത് കടവന്ത്ര, തൃപ്പൂണിത്തുറ, പേട്ട എന്നിവിടങ്ങളും മഴ കനത്തിട്ടുണ്ട്. മണിക്കൂറോളം നീണ്ട മഴയെ തുടർന്ന് ഉദയാ കോളനി, കമ്മട്ടിപ്പാടം, പി ആന്റ് റ്റി കോളനി എന്നിവിടങ്ങളിലാണ് നിലവിൽ വെള്ളം കയറിയത്.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. ഇന്നലെ രാത്രി മുതൽ നഗര ഭാഗത്തും ഗ്രാമീണ പ്രദേശങ്ങളിലും മഴ തുടങ്ങിയിരുന്നു. റോഡുകളിൽ വെള്ളം കയറി ഇന്ന് രാവിലെ മുതൽ ഗതാഗതത്തിന് തടസം നേരിട്ടുകൊണ്ടിരിക്കുകയാണ്. ജില്ലയിൽ നിലവിൽ ഓറഞ്ച് അലേർട്ടാണ്. 48 മണിക്കൂർ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.