കൊറോണ വൈറസ് വ്യാപനം മൂലം ജില്ലയിൽ നേരിടുന്ന മാസ്കുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ കുടുംബശ്രീയും മുന്നോട്ട് വരുന്നു. ഇതിനായി ജില്ലയിലുടനീളം കുടുംബശ്രിയുടെ ആഭിമുഖ്യത്തിൽ കോട്ടൺ മാസ്കുകൾ, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവയുടെ നിർമാണം ആരംഭിച്ചു. 22 യൂണിറ്റുകളാണ് നിലവിൽ കോട്ടൺ മാസ്ക് നിർമാണത്തിലേർപ്പെട്ടിട്ടുള്ളത്. ഒരു യൂണിറ്റിൽ നിന്ന് 450 മുതൽ 500 വരെ മാസ്കുകളാണ് ദിനേന ഉത്പാദിക്കുക. രണ്ട് ലെയർ, മൂന്ന് ലെയർ എന്നിങ്ങനെ രണ്ട് തരം മാസ്കുകളാണ് നിർമിക്കുന്നത്. 15 രൂപ, 20 രൂപ ഈടാക്കിയാണ് പൊതുജനങ്ങൾക്ക് നൽകുന്നത്. ഇത് ചൂട് വെള്ളമുപയോഗിച്ച് അണുവിമുക്തമാക്കുകയാണെങ്കിൽ വീണ്ടും ഉപയോഗിക്കാവുന്നതാണ്. ഇന്ന് (മാർച്ച് 18) മുതൽ ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള കുടുംബശ്രീ ഓഫീസുകളിൽ ആരംഭിക്കുന്ന കൗണ്ടറിൽ നിന്നും ജനങ്ങൾക്ക് ഇത് വാങ്ങാം. കളക്ടറേറ്റിലും മാസ്കുകൾ ലഭ്യമാണ്.