തൃശൂര്‍ : കോവിഡ് പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജില്‍ പുതിയ സംവിധാനം വരുന്നു. മെഡിക്കല്‍ കോളേജിലെ വൈറോളജി ലാബില്‍ സ്ഥാപിക്കുന്ന ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്ഷനിലൂടെ കൂടുതല്‍ പേരുടെ പരിശോധന നടത്താം. ശനിയാഴ്ച മുതല്‍ ഈ സംവിധാനത്തിലൂടെയുള്ള രോഗനിര്‍ണ്ണയ പരിശോധനകള്‍ ആരംഭിക്കും. രാവിലെ 11 ന് എം പിമാരായ രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും.
കോവിഡ് പരിശോധനാഫലത്തിനായി ആറ് മണിക്കൂര്‍ വേണ്ടിവരുന്നിടത്ത് ഇനി മുതല്‍ മൂന്ന് മണിക്കൂര്‍ മതിയാകും. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പേര്‍ക്ക് രോഗപരിശോധന നടത്താം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത.
രമ്യ ഹരിദാസ് എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 40 ലക്ഷം ചെലവഴിച്ചാണ് പുതിയ പരിശോധന സംവിധാനം ഒരുക്കിയിട്ടുള്ളത്. ജര്‍മനിയില്‍ നിന്നാണ് പരിശോധനാ യന്ത്രം വാങ്ങിയത്. കോവിഡിന് പുറമെ വൈറല്‍ സംബന്ധമായ എല്ലാ രോഗങ്ങള്‍ക്കും ഈ യന്ത്രത്തിലൂടെ രോഗ നിര്‍ണ്ണയം നടത്താം.