മലപ്പുറം: കെ പി സി സി ജനറൽ സെക്രട്ടറിയും താനൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന യു. കെ. ഭാസി (75) അന്തരിച്ചു.ബുധനാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഉച്ചക്ക് ശേഷം താനൂർ കട്ടിലങ്ങാടിയിലെ വീട്ടുവളപ്പിൽ നടക്കും. ഏറ്റവും കൂടുതൽ കാലം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിരുന്ന നേതാവെന്ന ഖ്യാതിയുള്ള അദ്ദേഹം കെഎസ് യുവിലൂടെയായിരുന്നു രാഷ്ട്രീയത്തിലേക്കുള്ള കടന്നു വരവ്. കെഎസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ്, പാലക്കാട് ജില്ലാ പ്രസിഡൻ്റ്, യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി, മലപ്പുറം ജില്ലാ പ്രസിഡൻ്റ്, കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 1981 മുതൽ 2001 വരെയാണ് അദ്ദേഹം ജില്ലാ കോൺഗ്രസിൻ്റെ സാരഥിയായി പ്രവർത്തിച്ചത്. 2001 മുതൽ 2013 വരെ കെപിസിസി ജനറൽ സെക്രട്ടറിയുമായി. താനൂർ പഞ്ചായത്ത് അംഗമായിരുന്നിട്ടുണ്ട്. മകൻ ഡോ. യു. കെ അഭിലാഷ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ശശിപ്രഭ. മക്കൾ: ധന്യ, ഭവ്യ.