കർണാടകയിലെ പ്രമുഖ ക്ഷേത്രത്തിൽ കവർച്ച; മൂന്ന് പൂജാരിമാരുടെ മൃതദേഹങ്ങൾ ക്ഷേത്രത്തിനുളളിൽ തല തകർത്തനിലയിൽ

കർണാടക / മാണ്ഡ്യ: കർണാടകയിലെ മാണ്ഡ്യ നഗരത്തിലുള്ള ഗട്ടാലുവിലെ പ്രസിദ്ധമായ ശ്രീ അരകേശ്വര ക്ഷേത്രത്തിൽ മൂന്ന് പൂജാരിമാരെ മൃഗീയമായി കൊലചെയ്ത് ക്ഷേത്രം കൊള്ളയടിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. പൂജാരിമാരായ ഗണേശ്, പ്രകാശ്, ആനന്ദ് എന്നിവരുടെ മൃതദേഹങ്ങൾ ക്ഷേത്ര പരിസരത്ത് നിന്നും ഇന്ന് രാവിലെ ചോരയിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. വലിയ ഉരുളൻ കല്ലുകൊണ്ട് ഇവരുടെ തല ഇടിച്ചു തകർത്തിരുന്നു. കർണാടക മാണ്ഡ്യ ജില്ലയിൽ അരകേശ്വര ക്ഷേത്രത്തിലാണ് കവർച്ചയും കൊലപാതകവും നടന്നത്. കവർച്ചാ ശ്രമത്തിനിടെ ക്ഷേത്രത്തിൽ ഉറങ്ങുകയായിരുന്ന മൂന്ന് പൂജാരിമാരെ അതിദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് പുലർച്ചെ ഗ്രാമവാസികൾ ക്ഷേത്ര കവാടം തുറന്നപ്പോഴാണ് സംഭവം അറിഞ്ഞത്.

മൂന്നുപേരുടെയും മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഉറങ്ങികിടക്കുന്നതിനിടെ പാറക്കല്ലുകൊണ്ടോ മാരകമായ ആയുധം കൊണ്ടോ തലക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ക്ഷേത്രത്തിലെ മൂന്നു വലിയ ഭണ്ഡാരപ്പെട്ടി പുറത്തെത്തിച്ച് പണം മോഷ്ടിച്ചിട്ടുണ്ട്. ഭണ്ഡാരത്തിലെ നോട്ടുകളാണ് സംഘം കവർന്നത്. പൂജാരിമാർ പതിവായി ക്ഷേത്രത്തിലാണ് ഉറങ്ങുന്നത്. പൂജാരിമാരുടെ മരണത്തിൽ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ക്ഷേത്രത്തിന്റെ വസ്തുവകകൾ സംരക്ഷണ എന്ന നിലയിലാണ് ഇവർ ഇവിടെ കഴിഞ്ഞിരുന്നതും. ഉറക്കത്തിലായിരിക്കാം ആക്രമണമെന്നും സമയത്ത് തന്നെ മൂന്ന് പേരും കൊല്ലപ്പെട്ടിരിക്കാമെന്നുമാണ് നിഗമനം. മോഷണ ശ്രമമായിരിക്കാം പിന്നിലെന്നും മൂന്നിലധികം പേർ ചേർന്നായിരിക്കാം കൃത്യം നടത്തിയതെന്നുമാണ് പോലീസ് സംശയിക്കുന്നത്. ക്ഷേത്രത്തിന്റെ മൂന്ന് ഭണ്ഡാരണങ്ങൾ പുറത്ത് കൊണ്ടുപോയി കുത്തിത്തുറന്നിട്ടുണ്ട്. അതിലെ നോട്ടുകളും വിലപ്പെട്ട മറ്റ് വസ്തുക്കളും എടുത്തു കൊണ്ടുപോയ ശേഷം ചില്ലറകൾ അവിടെ തന്നെ ഉപേക്ഷിച്ച നിലയിൽ ചിതറിക്കിടപ്പുണ്ട്. ക്ഷേത്രത്തിന്റെ ശ്രീകോവിലും തകർത്തിട്ടുണ്ട്. വഞ്ചികയിൽ നിന്നും പണമെടുത്ത ശേഷം കൂടുതൽ വിലപിടിച്ച വസ്തുക്കൾ തേടി ശ്രീകോവിലിനുള്ളിൽ കടന്നിരിക്കാം എന്നും പോലീസ് സംശയിക്കുന്നു. കുറ്റവാളികളെ കണ്ടെത്താൻ പോലീസ് നായുടേയും ഫോറൻസിക് വിദഗ്ദ്ധരുടേയും സേവനം മാണ്ഡ്യ പോലീസ് ഉപയോഗിച്ചിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും കൂടുതൽ തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. മാണ്ഡ്യ ഈസ്റ്റ് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *