മാനന്തവാടി: ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷനില്‍നിന്നു പുറത്താക്കലിനു വിധേയയായ കാരക്കാമല കോണ്‍വെന്റിലെ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ കാരക്കാമല പള്ളിയിലെ വികാരി മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായി പരാതി. തന്റെ ജീവനു സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു സിസ്റ്റര്‍ ലൂസി വെള്ളമുണ്ട പോലീസില്‍ പരാതി നല്കി. ഇന്നലെ രാവിലെയാണു സംഭവം.
പള്ളിയിലെ പ്രാര്‍ഥനകള്‍ക്കുശേഷം വികാരിയുടെ മുറിയിലേക്കു ശ്രദ്ധിച്ച താന്‍ അവിടെ മഠത്തിലെ മദര്‍ സുപ്പീരിയര്‍ ഇരിക്കുന്നത് കണ്ടുവെന്നും ഇരുവരെയും കണ്ടെന്ന വേവലാതിയില്‍ തന്നെ പിടികൂടാന്‍ വികാരി ഓടിയെത്തിയതായും താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ലൂസിയുടെ പരാതിയില്‍ പറയുന്നു. സിസ്റ്റര്‍ ലൂസി ഫോണില്‍ അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക അന്വേഷണങ്ങള്‍ക്കുശേഷം തിരിച്ചുപോയി. സഭയില്‍നിന്നു പുറത്താക്കിയെങ്കിലും കാരക്കാമലയിലെ മഠത്തില്‍നിന്നു സിസ്റ്റര്‍ ലൂസി താമസം മാറിയിരുന്നില്ല. സഭയില്‍ നടന്നുവരുന്ന ലൈംഗിക അരാജകത്വങ്ങള്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങള്‍ വഴി ശക്തമായ പ്രചാരണമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.