ചെന്നൈ: നടൻ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി വിജയ്യുടെ വീട്ടിൽ ഐടി വകുപ്പ് സീൽ ചെയ്ത മുറികൾ തുറന്നുകൊടുത്തു. ബിഗിൽ, മാസ്റ്റർ എന്നീ സിനിമകളുടെ പ്രതിഫലത്തിന് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. മാസ്റ്റർ സിനിമയുടെ ചിത്രീകരണത്തിനിടെ കഴിഞ്ഞ മാസം ആദ്യമാണ് വിജയ്യെ കസ്റ്റഡിയിലെടുത്തത്. താരത്തെ 30 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഇത് വലിയ വിവാദത്തിന് വഴിയൊരുക്കി. അതേ സമയം, വിജയ്ക്ക് എതിരായ ആദായ നികുതി വകുപ്പ് കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.. വിജയ്ക്ക് എതിരായ അന്വേഷണം അവസാനിപ്പിക്കണമെന്ന് ഖുശ്ബു അടക്കമുള്ള തമിഴ് സിനിമാ താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. ബിഗിൽ സിനിമയ്ക്ക് 50 കോടി രൂപയും മാസ്റ്ററിന് 80 കോടിയും വിജയ് പ്രതിഫലം വാങ്ങിയെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. ഇതിന്റെ രേഖകൾ കൃത്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും അതിന് നികുതി അടച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ മുറികൾ തുറന്നു കൊടുത്തിട്ടുള്ളത്. എന്നാൽ നടന്റെ ഉടമസ്ഥതയിൽ വാങ്ങിയ ഭൂമിയിടപാടുകളിൽ നികുതി വെട്ടിപ്പ് നടന്നോയെന്നും ബിനാമിയിടപാടുകളുണ്ടോ എന്നുമാണ് ഇപ്പോൾ എൻഫോഴ്സ്മെന്റ് പരിശോധിക്കുന്നത്. ബിഗിൽ സിനിമയുടെ ഫിനാൻഷ്യർ അൻപു ചെഴിയനുമായുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പരിശോധിക്കുന്ന കൂട്ടത്തിൽപെടും.