നയതന്ത്ര ചാനൽ വഴി 88.5 കിലോഗ്രാം സ്വർണം കടത്തിയെന്ന് ഏഴാം പ്രതി മുഹമ്മദ് ഷാഫി

തിരുവനന്തപുരം: നയതന്ത്രചാനൽ വഴി 88.5 കിലോഗ്രാം സ്വർണം കടത്തിയതായി സ്വർണക്കടത്ത് കേസിലെ ഏഴാം പ്രതി മുഹമ്മദ് ഷാഫി. ഇരുപത് തവണയായി കടത്തിയെന്നാണ് മുഹമ്മദ് ഷാഫിയുടെ മൊഴി.
എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 88.5 കിലോഗ്രാം സ്വർണത്തിൽ 47.5 കിലോ സ്വർണം അയച്ചത് താനാണെന്നും അദ്ദേഹം സമ്മതിച്ചു. ഈ സ്വർണം നയതന്ത്ര ബാഗിൽ ഒളിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കി. കേസിലെ 30 പ്രതികളിൽ 15 പേർ പലപ്പോഴായി യുഎഇയിൽ എത്തിയെന്നും യുഎഇയിൽ എവിടെയൊക്ക വച്ചാണ് ആസൂത്രണം നടത്തിയതെന്നും മുഹമ്മദ് ഷാഫി വെളിപ്പെടുത്തി.

നയതന്ത്ര ബാഗേജ് വഴി വരുന്ന സ്വർണം കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ടുള്ള ഗൂഡാലോചന നടന്നത് തിരുവനന്തപുരത്ത് വച്ചാണെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. അതേസമയം നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതികൾക്കൊപ്പം സുരക്ഷയ്ക്കായി പോവുന്ന പൊലീസുകാരുടെ വിവരങ്ങൾ എൻഐഎ ശേഖരിച്ചു. കോടതിയിലേക്കും ആശുപത്രിയിലേക്കുമെല്ലാം പ്രതികളെ പതിവായി കൊണ്ടുവരുന്ന പൊലീസുകാരുടെ വിവരങ്ങളാണ് എൻഐഎ ശേഖരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *