ബെറേലി: ഉത്തർപ്രദേശിൽ പതിനഞ്ച് വയസുള്ള പെൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തു. അതോടൊപ്പം പ്രതികൾ പെൺകുട്ടിയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ബെറേലി ജില്ലയിലാണ് സംഭവം. സംഭവത്തിൽ രണ്ട് പ്രതികൾ പോലീസ് പിടിയിലായി. ഒരാൾ ഒളിവിലാണ്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോഹിത് (25), സുമിത് (27), അങ്കിത് (24) എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മോഹിത്തിനെയും സുമിതിനെയും അറസ്റ്റു ചെയ്തുവെന്നും അങ്കിത് ഒളിവിൽപ്പോയെന്നും പോലീസ് പറഞ്ഞു.
പ്രതികൾ പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് എസ്എസ്പി ശൈലേഷ് കുമാർ പാണ്ഡെ പറഞ്ഞു. ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ ചെറുക്കാൻ പെൺകുട്ടി ശ്രമിച്ചപ്പോൾ ഇരുമ്പുവടികൊണ്ട് അടിക്കുകയായിരുന്നുവെന്നും പാണ്ഡെ കൂട്ടിച്ചേർത്തു.പ്രതികളിലൊരാൾ ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സംഭവം പുറത്തു പറഞ്ഞാൽ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.