എറണാകുളം: പുല്ലേപ്പടിയിൽ പത്ത് വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അജി ദേവസിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു.പിഴതുകയായ 25,000 രൂപ കുട്ടിയുടെ മാതാവിനാണ് ലഭിക്കുക.
കേസിനാസ്പദമായ സംഭവം നടന്നത് 2016ലാണ്. എറണാകുളം പുല്ലേപ്പടിയിൽ പത്ത് വയസുകാരനായ റിസ്റ്റിയെ കടയിൽ നിന്ന് മടങ്ങും വഴി അയൽവാസിയായ അജി ദേവസി കുത്തി കൊലപ്പെടുത്തുകയായിരുന്നു. ലഹരിയ്ക്ക് അടിമയായിരുന്ന അജി കുടുംബാംഗങ്ങളെ ഉപദ്രവിക്കുമ്പോൾ അവരുടെ രക്ഷയ്ക്കെത്തിയിരുന്നത് അയൽവാസിയായ ജോൺ ആയിരുന്നു. ലഹരിമരുന്ന് വാങ്ങാനും പണം ചോദിച്ചുതുടങ്ങിയപ്പോൾ ജോൺ അയാളെ ഒഴിവാക്കുകയായിരുന്നു. ഇതിലുള്ളവൈരാഗ്യമാണ്് ജോണിന്റെ മകൻ റിസ്റ്റിയെ കൊലപ്പെടുത്താൻ കാരണം.
കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെ വരികയായിരുന്ന കുട്ടിയെ വട്ടം ചുറ്റിപ്പിടിച്ച ഇയാൾ കഴുത്തിൽ തുടർച്ചയായി കുത്തുകയായിരുന്നു. പിടിവലിക്കിടയിൽ കുട്ടിയുടെ ശരീരത്തിൽ പലയിടത്തായി മുറിവേറ്റു. കഴുത്തിൽ കുത്തേറ്റതിനാൽ കുട്ടിക്ക് കരയാൻ പോലും സാധിച്ചിരുന്നില്ല. ആദ്യം ഓടിയെത്തിയത് റിസ്റ്റിയുടെ അമ്മ ലിനിയും സഹോദരൻ ഏബിളുമാണ്. ലിനിയാണ് കുട്ടിയുടെ കഴുത്തിൽ കുത്തിനിർത്തിയിരുന്ന കത്തി വലിച്ചൂരിയത്. സെന്റ് ആൽബർട്സ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു റിസ്റ്റി. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസിയായ അജിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. റിസ്റ്റിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.