കൊച്ചി: ബിജെപി നേതാവ് പ്രതിയായ പാനൂർ പാലത്തായി ബാലികാ പീഡനക്കേസിൽ പ്രതിക്ക് ഹൈക്കോടതി നോട്ടിസ് അയക്കാൻ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥൻ വഴി പ്രതിയായ കുനിയിൽ പത്മരാജന് നോട്ടിസ് അയക്കാനാണ് കോടതി ഉത്തരവ്. അതോടൊപ്പം ഇതേവരെയുള്ള അന്വേഷണ വിവരങ്ങൾ ഉൾപ്പെടുത്തി കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകി. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവ് നൽകിയ ഹർജിയിലാണ് നടപടി. അഡ്വ. മുഹമ്മദ് ഷാ മുഖാന്തിരം സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് വി ജി അരുണിന്റെ ബഞ്ച് വിശദമായ വാദം കേട്ടു.
കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രതിക്ക് ജാമ്യത്തിനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുന്നു എന്നാണ് ഹരജിയിൽ പെൺകുട്ടിയുടെ മാതാവിനു വേണ്ടി ഇന്ന് ഉന്നയിച്ച വാദം. കുറ്റപത്രത്തിൽ നിന്നും പോക്സോ വകുപ്പുകൾ ഒഴിവാക്കിയതിനാലാണ് ജാമ്യം നൽകിയതെന്ന വാദം നിലനിൽകില്ല. പോക്സോ വകുപ്പുകൾ ഒഴിവാക്കിയതായി ജാമ്യം നൽകിയ കോടതി കണ്ടെത്തിയാൽ അത് കോടതിയുടെ അധികാരപരിധി ലംഘിക്കലാണ്. ആ നിലയിലും തലശ്ശേരി കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ല. കേസിൽ പോക്സോ വകുപ്പുകൾ നിലനിൽകുന്നതായി കണ്ടെത്തിയാൽ ഇരയുടെ വാദം കേൾക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, പ്രതിക്ക് ജാമ്യം നൽകുമ്പോൾ ഇരയുടെ പക്ഷം കീഴ്കോടതി കേട്ടിട്ടില്ല. പ്രതിക്കെതിരെ പോക്സോ കുറ്റം ഇല്ലാത്തതിനാൽ ഇരയെ കേൾക്കേണ്ട എന്നാണെങ്കിൽ പോക്സോ ഇല്ലാത്ത കേസ് പരിഗണിക്കാനുള്ള അധികാരവും ജാമ്യം നൽകിയ കീഴ്ക്കോടതിക്കില്ല.
പോക്സോ ഒഴിവാക്കിയ കുറ്റപത്രം കൊടുത്തത് പരിഗണിച്ചതിലൂടെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുളള അധികാരം പോക്സോ കോടതിക്ക് നഷ്ടപ്പെട്ടെന്നും ക്രിമിനൽ ചട്ടനിയമത്തിന്റെ 439(1എ) പ്രകാരം ഇരയെ കേൾക്കാതെ പ്രതിക്ക് ജാമ്യം നൽകിയത് നിയമവിരുദ്ധമാണെന്നും ഇരയുടെ അഭിഭാഷകൻ വാദിച്ചു. പ്രതി വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവായതിനാൽ സാക്ഷികളെ സ്വാധീനിക്കാനും സ്കൂൾ രേഖകൾ തിരുത്താനും സാധ്യതയുണ്ട്. പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിലടച്ച് കേസിന്റെ വിചാരണ നടത്തണം. പോക്സോ കോടതി അധികാരമുപയോഗിച്ച് പ്രതിക്ക് ജാമ്യം അനുവദിക്കുമ്പോൾ ഇരയെ കേട്ടില്ല എന്നതാണ് മാതാവിന്റെ പ്രധാന വാദം. ആഗസ്റ്റ് ആറിന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. അഡ്വ. മുഹമ്മദ് ഷായും അഡ്വ. സൂരജുമാണ് ഇരയുടെ മാതാവിനു വേണ്ടി ഹാജരാവുന്നത്.
പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഈ മാസം 25ന് നൽകിയ ഹർജി സാങ്കേതിക കാരണങ്ങളാൽ പരിഗണിക്കപ്പെടുന്നത് വൈകുകയായിരുന്നു. ഹർജിക്കൊപ്പം ഹാജരാക്കിയ എഫ്ഐആറിന്റെ പകർപ്പിൽ അക്ഷരങ്ങൾ വ്യക്തമാവാത്തതുകൊണ്ട് രേഖകളിൽ വ്യക്തത വരുത്തിയാണ് ഇന്ന് ഹർജി പരിഗണിച്ചത്. ആഗസ്റ്റ് ആറിന് കേസ് വീണ്ടും പരിഗണിക്കും.