കൊച്ചി: നിർമ്മാണ തകരാറിനെ തുടർന്ന് അടച്ചിട്ട പാലാരിവട്ടം മേൽപാലം തിങ്കളാഴ്ച്ച പൊളിച്ച് തുടങ്ങും. ്അതേസമയം പാലത്തിന്റെ പുനഃനിർമ്മാണം ഉടൻ തുടങ്ങുന്നതുമായിരിക്കും. പാലത്തിന്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയും ഡിഎംആർസിയുടേയും സംയുക്ത യോഗത്തിലാണ് പാലം പൊളിച്ച് തുടങ്ങാൻ തീരുമാനമെടുത്തിരിക്കുന്നത്. ഘട്ടം ഘട്ടമായി പാലം പൊളിക്കുമെന്നാണ് തീരുമാനം.
ഗതാഗതത്തെ ബാധിക്കാത്ത രീതിയിലായിരിക്കും പ്രവർത്തികൾ. ടാർ ഇളക്കി മാറ്റുന്നതടക്കമുള്ള പ്രാഥമിക ജോലികളാകും തിങ്കളാഴ്ച്ച ആരംഭിക്കുന്നത്. എട്ട് മാസത്തിനുള്ളിൽ പാലം പണി പൂർത്തിയാക്കുമെന്നാണ് ഡിംഎംആർസി അറിയിച്ചിട്ടുള്ളത്. മെട്രോമാൻ ഇ ശ്രീധരനാണ് പാലം പുനർനിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.
പാലത്തിന്റെ പിയറുകളും പിയർ ക്യാപുകളും ഉൾപ്പെടുന്ന മേൽഭാഗമാണ് പൊളിച്ചുനീക്കി പുനർനിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്. എട്ട് മാസം കൊണ്ട് പാലം പുർത്തിയാക്കുമെന്നാണ് ഡിഎംആർസി അറിയിച്ചിരിക്കുന്നത്. പകലും രാത്രിയുമായി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
പാലത്തിന്റെ കോൺഗ്രീറ്റ് ഭാഗം പൊളിച്ചുമാറ്റുന്ന പണി ആരംഭിക്കുമ്പോൾ ഗതാഗതം നിയന്ത്രണമുണ്ടാവും അത്തരം സാഹചര്യത്തിൽ പാലത്തിന്റെ ഒരു ഭാഗത്ത് ഗതാഗതം അനുവദിക്കുകയും ഒരു ഭാഗത്ത്് പ്രവൃത്തി നടത്താനുമാണ് സാധ്യത. ജില്ലാ ഭരണകൂടത്തിന്റേയും പൊലീസിന്റേയും സഹായത്തോടെയായിരിക്കും ഡിഎംആർസി തീരുമാനം.