ബസ് ചാർജ് വർദ്ധിപ്പിക്കാൻ ധാരണ: അംഗീകരിച്ച് സർക്കാർ

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവച്ച പൊതുഗാതഗതം ആരംഭിക്കുമ്പോൾ ബസ് ചാർജ് വർദ്ധിപ്പിക്കാൻ തീരുമാനം. സാമൂഹ്യ അകലം പാലിച്ച് സർവ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാർജ് കൂട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉടമകൾ മുന്നോട്ടുവച്ച ആവശ്യം തികച്ചും ന്യായമാണെന്ന് സർക്കാർ അഭിപ്രായപ്പെട്ടു.

ഒരു സീറ്റിൽ ഒരാൾ എന്ന രീതിയിൽ ബസ് സർവീസ് നടത്തുന്നത് ബസ് ഉടമകൾക്ക് കനത്ത നഷ്ടമുണ്ടാക്കും. യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്സിഡി അനുവദിക്കുക, വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഓടുന്ന 12600 ബസുകളിൽ 12000 ബസുകളും സ്റ്റോപ്പേജിന് അപേക്ഷ നൽകിയിരുന്നു. സർവ്വീസ് നടത്താൻ നിർബന്ധം പിടിച്ചാൽ അതിന്റെ സാമ്പത്തിക നഷ്ടം സർക്കാർ ഏറ്റെടുക്കണമെന്നും ഉടമകൾ ആവശ്യപ്പെട്ടിരുന്നു.

കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്ന കാലയളവിൽത്തന്നെയായിരിക്കും വർദ്ധനയുണ്ടാകുക. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് 25 പേർക്ക് മാത്രമേ ബസിൽ യാത്ര ചെയ്യാൻ സാധിക്കൂ. രണ്ട് പേർക്കിരിക്കുന്ന സീറ്റിൽ ഒരാൾക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. മൂന്ന് പേർക്കിരിക്കാവുന്ന സീറ്റിൽ രണ്ട് പേർ മാത്രം. കൂടാതെ യാത്രക്കാരെ നിർത്തികൊണ്ടുപോകാൻ അനുമതിയില്ല. ഈ നിയന്ത്രണങ്ങളുമായി ബസ് സർവീസ് നടത്തുമ്പോൾ ചാർജ് വർദ്ധിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *