ബാബരി മസ്ജിദ് തകർത്ത കേസ്: വിധി നാളെ

ലക്‌നൗ : ബാബരി മസ്ജിദ് തകർത്ത ഗൂഢാലോചന കേസിൽ ലക്‌നൗ പ്രത്യേക സിബിഐ കോടതിയുടെ വിധി നാളെ വരും. അതേസമയം കേസുമായി ബന്ധപ്പെട്ട് മുൻ ഉപ പ്രധാനമന്ത്രി എൽകെ അദ്വാനി അടക്കം മുപ്പത്തിരണ്ട് പ്രതികളും നാളെ കോടതിയിൽ ഹാജരാകും.

ഇരുപത്തിയെട്ട് വർഷം പഴക്കമുള്ള കേസിലാണ് ജഡ്ജി സുരേന്ദ്ര കുമാർ യാദവ് വിധി പുറപ്പെടുവിക്കുന്നത്. സിആർപിസി 313 അനുസരിച്ച് പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നതടക്കം കേസിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വിധി പറയാനായി കേസ് നാളേക്ക് മാറ്റിവെച്ചത്. മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിക്ക് പുറമെ മുതിർന്ന ബിജെപി നേതാക്കളായ മുരളീ മനോഹർ ജോഷി, ഉമാഭാരതി മുൻ യുപി മുഖ്യമന്ത്രി കല്യാൺ സിങ് എന്നിവരടക്കം 32 പേരാണ് കേസിൽ പ്രതികളായിട്ടുള്ളത്. ഇവരോട് നാളെ കോടതിയിൽ ഹാജരാകണമെന്ന് സിബിഐ കോടതി ആവിശ്യപ്പെട്ടിരുന്നു. കല്യാൺ സിങും ഉമാഭാരതിയും കോവിഡ് ബാധിതരായിരുന്നു. ഇവർ ഹാജരാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

1992 ഡിസംബർ 6ന് ബാബരി മസ്ജിദ് തകർക്കപ്പെട്ട് നീണ്ട ഇരുപത്തിയെട്ട് വർഷത്തെ നിയമനടപടികൾക്ക് ശേഷമാണ് കേസിൽ വിധി പുറപ്പെടുവിക്കുന്നത്. 2017ൽ എല്ലാ ദിവസവും വിചാരണ നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നെങ്കിലും നടപടികൾ നീണ്ടു. ഈ വർഷം ഏപ്രിലോടെ നടപടികൾ പൂ4ത്തിയാക്കണമെന്ന് രണ്ടാമത് കോടതി ഉത്തരവിട്ടെങ്കിലും വീണ്ടും മൂന്ന് തവണ സമയം നീട്ടി നൽകി. അതിനിടെ കഴിഞ്ഞ വർഷം സെപ്റ്റംബറോടെ വിരമിക്കാനിരുന്ന ജഡ്ജിന്റെ കാലാവധി സുപ്രീംകോടതി ഉത്തരവനുസരിച്ച് നീട്ടിനൽകി.
1992 ഡിസംബർ ആറിനാണ് രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വ വാദികൾ അയോധ്യയിലെ ബാബരിയിൽ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകർത്തത്. രാമക്ഷേത്ര നിർമാണത്തിനായി ഭൂമി വിട്ടു നൽകിയെങ്കിലും പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് ഭൂമിത്തർക്ക കേസിലെ വിധിയിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *