കൊച്ചി: പെരുമ്പാവൂരില്‍ പൂട്ടികിടക്കുന്ന ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനി വളപ്പിലെ മതില്‍ക്കെട്ട് തകര്‍ന്നുവീണ് വീട്ടു വളപ്പിലേക്ക് പതിച്ചു. സംഭവസമയത്ത് മതില് സമീപത്തോ വീടിന് സമീപത്തോ ആരും ഉണ്ടാകാതിരുന്നത് വന്‍ അപകടം ഒഴിവായി. പെരുമ്പാവൂര്‍ നഗരസഭ 27-ാം വാര്‍ഡിലെ സൗത്ത് വല്ലം സബ് സ്റ്റേഷന് റോഡില്‍ വെള്ളേംവേലി വീട്ടില്‍ വി.കെ ഹംസയുടെ വീടിന്റെ പിറകു വശത്തെ കമ്പനി മതിലാണ് ഇന്നലെ തകര്‍ന്നു വീണത്. കമ്പനി വളപ്പിലെ വന്‍ മരങ്ങളുടെ വേരുകള്‍ ഇറങ്ങിയതാണ് മതില് തകരാന്‍ കാരണമെന്നും ഇതോടെ ഇഴ ജന്തുക്കള്‍ വീട്ടിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണെന്നും വീട്ടുടമസ്ഥര്‍ പറഞ്ഞു.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ വലിയ ശബ്ദത്തോടെ ഹംസയുടെ വീട്ടു വളപ്പിലേക് മതില് ഇടിഞ്ഞുവീണത്. 12 അടിയോളം ഉയരമുള്ള വലിയ മതിലാണ് തകര്‍ന്നു വീണത്. മതില് ഇടിഞ്ഞ ഭാഗത്തെ ആറിഞ്ചോളം വരുന്ന വന്‍ തേക്ക് മരം അപകടാവസ്ഥയിലാണ് നില്‍ക്കുന്നത്. തൊട്ടടുത്ത കുറ്റിയാനി കൊച്ചിന്റെ വീടിന്റെ പിറകു വശത്തു വന്‍ തേക്ക് മരം ചെരിഞ്ഞു മറ്റൊരു തേക്കിലേക്ക് ചാരി നില്ക്കുന്നതും കമ്പനി വളപ്പില്‍ വന്‍ മരങ്ങള്‍ വീടുകള്‍ക്ക് മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്നത് സമീപത്തെ മറ്റു വീടുകള്‍ക്കും ഭീക്ഷണി സൃഷ്ടിക്കുകയാണ്.
മഴക്കാലത്ത് കമ്പനി വളപ്പില്‍ വെള്ളം നിറഞ്ഞു വീടുകള്‍ക്ക് അടിയിലൂടെ ഒഴുകി എത്തുന്നതും ആശങ്കക്ക് ഇടയാക്കുന്നു. ഏറെ ഭീതിയോടെയാണ് സമീപവാസികള്‍ ഇവിടെ കഴിയുന്നത്. വീടുകള്‍ക്ക് സമീപത്തെ വന്‍ മരങ്ങള്‍ മുറിച്ചു നീക്കി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രം കണ്ണ് തുറക്കുന്ന അധികാരികള്‍ റയോണ്‍സ് കമ്പനി വളപ്പിനോട് ചേര്‍ന്നുള്ള സഥലവാസികളുടെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും തകര്‍ന്ന് വീണ കമ്പനി മതിലിന്റെ ഭാഗം പുനര്‍ നിര്‍മ്മിച്ചും അപകടകരമായി ചാഞ്ഞു നില്ക്കുന്ന വന്‍ മരങ്ങള്‍ വെട്ടിമാറ്റണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അതേസമയം സംഭവം വില്ലേജ് ഓഫീസറെ ഫോണിലൂടെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാളെ വില്ലേജ് ഓഫീസര്‍ സംഭവസ്ഥലം സന്ദര്‍ശിക്കും.