മറ്റ് സംസ്ഥാനങ്ങളില്‍ കഴിയുന്നവര്‍ കേരളത്തിലേയ്ക്ക് യാത്രചെയ്യുന്നതിന് പാസിനായി അപേക്ഷിക്കുമ്പോള്‍ അവര്‍ക്ക് കേരളത്തില്‍ നിന്നുള്ള കോവിഡ് 19 ഇ-ജാഗ്രതാ പാസ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ സംസ്ഥാനങ്ങളിലേയും ഡി ജി പി മാര്‍ക്കും പോലീസ് കമ്മീഷണര്‍മാര്‍ക്കും അയച്ച സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
ഇത്തരം സംസ്ഥാനങ്ങളില്‍ ഓണ്‍ ലൈന്‍ പാസിനായി അപേക്ഷിക്കുന്നതിനുള്ള പോര്‍ട്ടലില്‍ കേരളം നല്കുന്ന കോവിഡ് 19 ഇ-ജാഗ്രതാ പാസ് സംബന്ധിക്കുന്ന വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് 19 ഇ-ജാഗ്രതാ പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കേരളത്തില്‍ നിന്ന് പാസ് ലഭിച്ചാല്‍ ഇപ്പോള്‍ താമസിക്കുന്ന സംസ്ഥാനത്ത് നിന്നുള്ള പാസിന് അപേക്ഷിക്കാം. ഇങ്ങനെ ലഭിക്കുന്ന രണ്ട് പാസുകളുമായി മാത്രമേ അംഗീകൃത ചെക്ക് പോസ്റ്റുകള്‍ വഴി കേരളത്തിലേയ്ക്ക് പ്രവേശനം അനുവദിക്കൂ.
കേരളത്തില്‍ നിന്ന് പാസ് ലഭിക്കാതെ പലരും സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ എത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി വിവിധ സംസ്ഥാനങ്ങളിലെ ഡി ജി പി മാര്‍ക്കും കമ്മീഷണര്‍മാര്‍ക്കും സന്ദേശം അയച്ചത്.