കൊച്ചി: മുത്തൂറ്റ് വധക്കേസിലെ എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒന്നാം പ്രതി ജയചന്ദ്രൻ അടക്കമുള്ള എട്ടുപ്രതികളുടെ ശിക്ഷയാണ് കോടതി റദ്ദാക്കിയത്. അതേസമയം കേസിലെ രണ്ടാംപ്രതി കാരി സതീഷിന്റെ ശിക്ഷയിൽ മാറ്റമില്ല. ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്ബതാം പ്രതി ഫൈസൽ എന്നിവരുടെ ശിക്ഷയാണ് റദ്ദാക്കിയത്. ഇവരുടെ മേൽ ചുമത്തിയ കൊലക്കുറ്റത്തിന്റെ ശിക്ഷയാണ് റദ്ദാക്കിയിരിക്കുന്നത്. രണ്ടാം പ്രതി കാരി സതീഷ് അപ്പീൽ നൽകാത്തതിനാൽ ജയിലിൽ തന്നെ തുടരും. ഇവർ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി. 2009 ഓഗസ്റ്റ് 21 നാണ് കേസിന് ആസ്പദമായ സംഭവം മുത്തൂറ്റ് കുടുംബാംഗമായ പോൾ എം ജോർജ് ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പൊങ്ക ജംഗ്ഷന് സമീപം കൊല്ലപ്പെട്ടതാണ് കേസ്
പോളിനൊപ്പം കാറിലുണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടകളായ പുത്തൻപാലം രാജേഷ്, ഓംപ്രകാശം എന്നിവരെ മാപ്പുസാക്ഷികളാക്കുകയും ചെയ്തു. പിന്നീട് 2010ൽ കേസന്വേഷണം സി.ബി.ഐക്ക് വിടുകയായിരുന്നു.2015 സെപ്റ്റംബറിൽ തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. 13 പ്രതികളിൽ ഒമ്പതു പേരെ ജീവപര്യന്തം കഠിനതടവിനും 55,000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. നാലുപേരെ മൂന്നുവർഷം കഠിനതടവിനും 5000 രൂപ പിഴയ്ക്കുമാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്ജി ആർ രഘു ശിക്ഷിച്ചത്.