ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് തമിഴ്നാട് കാർഷിക ആവശ്യങ്ങൾക്കായി സെക്കൻഡിൽ 300 ഘനയടി വീതം വെള്ളം കൊണ്ടുപോകാൻ തുടങ്ങി. തേക്കടിയിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം തേനി ജില്ലാ കളക്ടർ മറിയം പല്ലവി ഷട്ടർ തുറന്നു.
തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് കൃഷി നടത്തുന്നത്. തേനി ജില്ലയിൽ ഏകദേശം 14707 ഏക്കർ സ്ഥലത്താണ് കൃഷി. ആദ്യ ഘട്ടത്തിൽ 120 ദിവസത്തേയ്ക്കാണ് വെള്ളം തുറന്നിരിക്കുന്നത്. മുന്നൂറ് ഘനയടിയിൽ 200 ഘനയടി വെള്ളം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കും. 100 ഘനയടി തേനി ജില്ലയിൽ കുടിവെള്ളത്തിനായും ഉപയോഗിക്കും. അണക്കെട്ടിലെ ജലനിരപ്പ് 120 അടിക്ക് മുകളിൽ എത്തിയെങ്കിൽ മാത്രമെ കൃഷിക്കായി വെള്ളം തുറന്നു വിടാൻ സാധിക്കൂ. കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ ഡാമിലെ ജലനിരപ്പ് 137 അടി എത്തിയിരുന്നു.