ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ നടത്തിയത് 3.7 കോടി കോവിഡ് ടെസ്റ്റുകളെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 10 ലക്ഷത്തിന് 26,685 എന്നതാണ് രാജ്യത്ത് നിലവിലെ പരിശോധന നിരക്ക്. പോസിറ്റിവിറ്റി നിരക്ക് 8.60 ശതമാനമായി കുറഞ്ഞു. കോവിഡ് ബാധയുടെ വ്യാപനം തടയുന്നതിനുള്ള ‘ട്രാക്ക് ആൻഡ് ട്രീറ്റ്’ എന്ന തന്ത്രത്തിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മന്ത്രാലയം പരിശോധനകൾ വർധിപ്പിച്ച് സമയബന്ധിതമായി രോഗബാധ തിരിച്ചറിയലാണ് ആദ്യ നടപടിയായി കൈക്കൊള്ളുന്നത്. ഉടനടി ഒറ്റപ്പെടുത്തൽ, ഫലപ്രദമായ ചികിത്സ എന്നതും അണുബാധയുടെ വ്യാപനം തടയുന്നു. ദൈനംദിന ടെസ്റ്റുകളുടെ എണ്ണം വൻതോതിൽ വർധിപ്പിക്കാൻ രാജ്യം നിശ്ചയിച്ചത് പ്രകാരം 3.68 കോടി ടെസ്റ്റുകൾ ഇതുവരെ നടത്തിയിട്ടുണ്ട്. 9,25,383 ടെസ്റ്റുകളാണ് തിങ്കളാഴ്ച മാത്രം നടത്തിയത്. പത്ത് ലക്ഷം പേർക്ക് 26,685 ടെസ്റ്റ് എന്ന നിലയിലേക്ക് ഉയർന്നിട്ടുണ്ട്.
അതേസമയം രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 76 ശതമാനത്തിലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 66,550 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടതെന്ന് കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 24,04,585 പേരാണ് ഇതുവരെ കോവിഡ് രോഗമുക്തി നേടിയത്. എന്നാൽ മരണനിരക്ക് വീണ്ടും കുറഞ്ഞു. 1.85 ശതമാനമായി താഴ്ന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ചികിത്സയിലുളളവരും രോഗമുക്തി നേടിയവരും തമ്മിലുളള അകലം വീണ്ടും വർധിച്ചു. 17 ലക്ഷമായാണ് ഉയർന്നത്.