വിമാനത്താവളത്തിലെ പ്രവര്‍ത്തനം മാതൃകാപരം: മന്ത്രി വി.എസ് സുനില്‍കുമാര്‍

എറണാകുളം: പ്രവാസികളെ സ്വീകരിക്കാനായി ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും പോലീസും നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന്. അവലോകന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥരെ അഭിനന്ദിച്ചത്.

 ജില്ലയില്‍ നിലവിലെ ക്വാറന്റീൻ നിരീക്ഷണ സ്ഥലങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ കൂടുതല്‍ ഫലപ്രദമായി നടത്തും. ജില്ലയില്‍ നിലവില്‍ 17 നിരീക്ഷണ കേന്ദ്രങ്ങളാണ് ജില്ല ഭരണകൂടം കണ്ടെത്തിയിട്ടുള്ളത്. ഇതിനു പുറമെ പഞ്ചായത്തുകളില്‍ 4700ഓളം വീടുകളും മുന്‍സിപ്പാലിറ്റികളില്‍ 1683 വീടുകളും കണ്ടെത്തിയിട്ടുണ്ട്. ഇവിടുത്തെ സൗകര്യങ്ങള്‍ വിലയിരുത്താനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

 നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്കുള്ള ഭക്ഷണവും നിരീക്ഷണ കേന്ദ്രങ്ങളിലെ ശുചീകരണവും കൃത്യമായി നടത്തണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 216 പേരാണ് ജില്ലയിലെ അഞ്ച് നിരീക്ഷണ കേന്ദ്രങ്ങളിലുള്ളത്. ബാക്കിയുള്ള ആളുകളെയും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനാവശ്യമായ നടപടി സ്വീകരിക്കും.

നിര്‍മാണ സാമഗ്രികള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വാര്‍ഡ് തലത്തിലും തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തിലും കോവിഡ് ജാഗ്രത സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുണ്ടെന്ന് വിലയിരുത്തണം. 

Leave a Reply

Your email address will not be published. Required fields are marked *