വിശാഖപട്ടണം : ആന്ധ്രപ്രദേശിൽ വെങ്കിട്ടപുരം ഗ്രാമത്തിലെ എൽജി പോളിമർ ഇൻസ്ട്രി കമ്പനിയിൽ വിഷവാതകം ചോർന്ന് 8 മരണം. 20 പേർ അതീവ ഗുരുതരാവസ്ഥയിലാണ്.
കൊവിഡ് വ്യാപനത്തെ തുടർന്ന് വന്ന ലോക്ക് ഡൗണിന് ശേഷം കമ്പനി ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ഇതിന്റെ ഭാഗമായുള്ള ശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് വിഷവാതക ചോർച്ച ഉണ്ടായത്. ശ്വാസംമുട്ട് അനുഭവപ്പെട്ടതിനെതുടർന്ന് ഇരുന്നോറോളംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വീടുകളിൽ കുടുങ്ങിയവരും ധാരാളം. അഞ്ച് കിലോമീറ്റർ ദൂരത്തിലധികം വിഷവാതകം പരന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങൾ ഒഴിപ്പിച്ചുതുടങ്ങിയിട്ടുണ്ട്.
പുലർച്ചെ മൂന്ന് മണിയോടെയാണ് എൽ.ജി പോളിമർ പ്ലാൻറിൽ രാസവാതക ചോർച്ച ഉണ്ടായത്. സ്റ്റെറീൻ വാതകമാണ് ചോർന്നത്. വിഷവാതക ചോർച്ച ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. ഇത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയിട്ടുണ്ട്.