വെബ്പോര്‍ട്ടല്‍ മന്ത്രി ഇ.പി.ജയരാജന് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : കേരളത്തിലെ ഉല്പന്നങ്ങള്ക്ക് ദേശീയ, അന്തര്‍ദേശീയ വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സംരംഭവുമായി വ്യവസായ വകുപ്പ്. സംസ്ഥാനത്തെ സംരംഭങ്ങളുടെ ഉല്പന്നങ്ങള്ക്കും സേവനങ്ങള്‍ക്കും വിപുലമായ വിപണനത്തിന് കേരള മാര്‍ക്കറ്റ് എന്ന പേരില്‍ വെബ്പോര്‍ട്ടലിന് മന്ത്രി ഇ.പി.ജയരാജന് തുടക്കം കുറിച്ചു. www.keralaemarket.com, www.keralaemarket.org എന്ന വെബ്പോര്‍ട്ടലാണ് എല്ലാതരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് 19 സൃഷ്ടിച്ച പുതിയ ലോക സാഹചര്യത്തില്‍ ശിഥിലമായിരിക്കുന്ന വിപണിയില്‍ വ്യവസായ സംരംഭങ്ങള്‍ പടിപടിയായി ആരംഭിച്ച് ഉല്പാദന മേഖല സജീവമാക്കണമെന്ന് മന്ത്രി പറഞ്ഞു. അവശ്യവസ്തുക്കളുടെ നിലവാരത്തെയും ലഭ്യതയെക്കുറിച്ചും ലോകത്തെമ്പാടുമുള്ള ജനങ്ങളെ അറിയിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യസംസ്കരണം, കൈത്തറി, റബ്ബര്‍, കയര്‍, ആയുര്‍വേദം, ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്, കരകൗശലം, കൃഷി എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് പോര്‍ട്ടലില്‍ സേവനം നല്‍കുന്നത്. സംരംഭകര്‍ക്ക് അവരുടെ സ്ഥാപനത്തെക്കുറിച്ചും ഉല്പന്നങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പോര്‍ട്ടലില്‍ ചേര്‍ക്കാം. ഉല്പന്നങ്ങളുടെ ചെറിയ വിവരണവും ചിത്രവും വിലവിവരവും നല്കാന് സൗകര്യമുണ്ട്. സംരംഭകര്‍ക്ക് വിതരണക്കാരെ കണ്ടെത്താനും വിതരണക്കാര്‍ക്ക് ആവശ്യമുള്ള ഉല്പന്നങ്ങള് തെരഞ്ഞെടുക്കാനും എളുപ്പത്തില്‍ സാധിക്കും. ചെറുകിട സംരംഭകര്‍ക്ക് അന്താരാഷ്ട്ര കമ്പനികളുമായി അനായാസം ഇടപെടാനും കയറ്റുമതി പ്രോത്സാഹനത്തിനും ഇത് വഴിതെളിക്കും.
എം.എസ്.എം.ഇകളെ ജില്ലാ വ്യവസായ കേന്ദ്രങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളെ പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്റ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡും (റിയാബ്) രജിസ്ട്രേഷന് സഹായിക്കും. വ്യവസായ വകുപ്പിന് കീഴിലെ കേരള ബ്യൂറോ ഓഫ് ഇന്‍സ്ട്രയില്‍ പ്രമോഷനാണ് (കെ ബിപ്) വെബ്പോര്‍ട്ടലിന്റെ ചുമതല.