ശുചീകരണ പ്രവർത്തനങ്ങൾ മെയ് 30ന് പൂർത്തിയാക്കണം – വി എസ് സുനിൽ കുമാർ

മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ തൃശൂർ ജില്ലയിൽ മെയ് 30ന് പൂർത്തിയാക്കണമെന്ന് കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ. കാലവർഷം തുടങ്ങുന്നതിന് മുൻപായി തോടുകളുടെയും കനാലുകളുടെയും പുഴകളുടെയും തടസ്സങ്ങൾ മാറ്റി വെള്ളം സുഗമമായി ഒഴുകുന്നതിനുള്ള പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിലെ തദ്ദേശസ്ഥാപന അദ്ധ്യക്ഷരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കാനും മന്ത്രി നിർദ്ദേശിച്ചു.
ഇനി ഒരു പ്രളയമുണ്ടായാൽ വിവിധ ഭാഗങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ സുഗമമായി ഒഴുകി പോകുന്നതിന് വേണ്ട നടപടികൾ ജൂൺ 30 ന് മുൻപ് തീർക്കാനും മന്ത്രി വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും അറിയിച്ചു. പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പാടശേഖരങ്ങളിലെ സ്ലൂയിസ് തുറന്നുവെയ്ക്കാൻ പടശേഖര സമിതികൾക്ക് നിർദ്ദേശം നൽകാനും സെക്രട്ടറിമാരോട് നിർദ്ദേശിച്ചു.
അന്തിക്കാട, മണലൂർ ഗ്രാമപഞ്ചായത്തുകളിലേക്ക് വെള്ളം കയറുന്നതിന് കാരണമായ കാഞ്ഞാണി പാലകഴയിലെ ശുചീകരണ പ്രവർത്തനങ്ങൾ കെ.എൽ.ഡി.സിയുടെ നേതൃത്വത്തിൽ നടത്തും. തുടർന്ന് ഏനാമാവ് റെഗുലേറ്റർ വരെയുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തുകൾ തന്നെ പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശിച്ചു.
വലച്ചിറ, എറിയാട് ഗ്രാമപഞ്ചായത്തുകൾക്ക് പൂർണമായി ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മന്ത്രി സി രവീന്ദ്രനാഥുമായി ചർച്ച നടത്തി പ്രശ്നപരിഹാരം കാണാനും കൃഷിമന്ത്രി നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *