സാംസ്‌കാരിക പരിപാടികളുമായി ‘സർഗസാകല്യം’

സാംസ്‌കാരിക വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പ്രവർത്തനങ്ങളുടെ വിവരങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന കലാപരിപാടികളും പ്രദർശിപ്പിക്കാൻ ‘സർഗസാകല്യം’ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിക്കും.
സാംസ്‌കാരിക വകുപ്പിന്റെ  വിവിധ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അരങ്ങേറുന്ന പ്രധാനപ്പെട്ട പരിപാടികളും ഈ പേജിൽ കാണാം. പേജിന്റെ ഉദ്ഘാടനം 17ന് രാവിലെ 11 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഓൺലൈനായി നിർവ്വഹിക്കും.
കേരളീയ കലകളുടെ അധ്യയനം വ്യാപകമാക്കുന്നതിനും കലാകാരൻമാർക്ക് സ്ഥിരവരുമാനം ഉറപ്പുവരുത്താനും സാംസ്‌കാരിക വകുപ്പ് ആരംഭിച്ച പദ്ധതിയാണ് വജ്രജൂബിലി ഫെലോഷിപ്പ്. വിവിധ കലകളിൽ പ്രാഗൽഭ്യം നേടിയ ആയിരം യുവകലാകാരൻമാരാണ് ഫെലോഷിപ്പിനായി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വർഷമായി സംസ്ഥാനത്തെ 14 ജില്ലകളിലും കലാപഠനം നടന്നുവരികയാണ്.  
വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയിലെ കലാകാരൻമാർ ക്ലാസിക്കൽ, സമകാ ലീന, ഫോക്‌ലോർ വിഭാഗങ്ങളിൽപ്പെട്ട 45 കലാരൂപങ്ങളിലും തോൽപ്പാവകൂത്ത്, കാക്കാരശ്ശി നാടകം, കഥാപ്രസംഗം, ഇന്ദ്രജാലം എന്നീ കലാരൂപങ്ങളിലുമായി 43000 ഓളം കുട്ടികളെ വിവിധ കലകൾ അഭ്യസിപ്പിച്ചുകഴിഞ്ഞു. കോവിഡ് 19 ന്റെ വരവോടെ പുതുതായി കലാഭ്യസനം നടത്തിയ കുട്ടികൾക്ക് അരങ്ങേറ്റത്തിനുള്ള അവസരം നഷ്ടമായി. ഈ പ്രതിസന്ധി  പരിഹരിക്കുന്നതിനും കുട്ടികൾക്ക് തുടർ പഠനത്തിന് പ്രചോദനം നൽകുവാനുമായി ‘സർഗസാകല്യം’ എന്ന ഫെയ്‌സ്ബുക്ക് പേജും യുട്യൂബ് ചാനലും ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *