തിരുവനന്തപുരം: യൂ ട്യൂബിലൂടെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഡോ. വിജയ് പി. നായരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയെയും സംഘത്തെയും പിന്തുണച്ച് പ്രശസ്ത എഴുത്തുകാരി സുഗതകുമാരി രംഗത്ത്. ഇക്കാര്യത്തില്‍ പ്രതികരിച്ചത് നല്ലതുതന്നെ അതുപോലെ സമൂഹത്തിലെ സ്ത്രീകള്‍ക്കെല്ലാം വേണ്ടി പ്രതികരിച്ച ഭാഗ്യലക്ഷ്മിക്ക് സുഗതകുമാരി നന്ദിയും അറിയിച്ചു. തന്റെ മാത്രമല്ല നാട്ടിലെ എല്ലാ സ്ത്രീകളുടെയും അഭിനന്ദവും നന്ദിയും സ്നേഹവും അറിയിക്കുന്നുവെന്നും അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ തുടരുമ്പോള്‍ നിയമം കയ്യിലെടുക്കാന്‍ പെണ്ണുങ്ങള് മുന്നോട്ടു വന്നിരിക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടാകുന്നതില്‍ യാതൊരു ദോഷവുമില്ല.
പൊലീസ് എന്തെങ്കിലും ചെയ്യുമോ, കോടതി എന്തെങ്കിലും ചെയ്യുമോ എന്ന് നോക്കിക്കൊണ്ടിരുന്നിട്ട് ഒരു ഫലവുമില്ലെന്നും കൂടുതല്‍ കൂടുതല്‍ പേര് അശ്ലീലം പറഞ്ഞുകൊണ്ടേയിരിക്കുമെന്നും സുഗതകുമാരി പറഞ്ഞു. സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങളും അശ്ലീല പ്രചാരണവും നടത്തുന്നവര്‍ക്കെതിരെ ശക്തമായി കേസെടുക്കണം. പ്രതികരിക്കുന്ന സ്ത്രീകള്‍ തിരികെ കേസുണ്ടായാലും അഭിമുഖീകരിക്കാന്‍ തയ്യാറായിത്തന്നെയാണ് അതിന് നിര്‍ബന്ധിതരാകുന്നത്.
‘ഭാഗ്യലക്ഷ്മിയോട് നന്ദി പറയുന്നു. എന്റെ മാത്രമല്ല, നാട്ടിലെ സ്ത്രീകളുടെ അഭിനന്ദനം, നന്ദി, സ്നേഹം എല്ലാം അറിയിക്കുന്നു. കാരണം ഞങ്ങള്‍ക്കെല്ലാം വേണ്ടിയാണ് ഭാഗ്യലക്ഷ്മി അങ്ങനെയൊരു കൃത്യം ചെയ്തത്. പെണ്ണുങ്ങള് നിയമം കയ്യിലെടുത്തുപോകും. പൊലീസ് എന്തെങ്കിലും ചെയ്യും, എന്ന് നോക്കിക്കൊണ്ടിരുന്നിട്ട് ഒരു ഫലവുമില്ല. കൂടുതല്‍ കൂടുതല്‍ പേര് അശ്ലീലം പറഞ്ഞുകൊണ്ടേയിരിക്കും. നിയമം കയ്യിലെടുക്കാന്‍ പെണ്ണുങ്ങള് മുന്നോട്ടുവന്നിരിക്കുന്നു എന്നൊരു തോന്നല്‍ ഉണ്ടാകുന്നതില്‍ യാതൊരു ദോഷവുമില്ല. ശക്തമായ വകുപ്പുകള്‍ ചേര്‍ത്ത് കെസെടുക്കേണ്ടതുണ്ട്. ഭാഗ്യലക്ഷ്മിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും എന്തെങ്കിലും കേസ് വന്നാലും ഞങ്ങള്‍ സഹിക്കും’, സുഗതകുമാരി പറഞ്ഞു. ‘വീണ്ടും വീണ്ടും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാകാന്‍ ഇടവരുത്തരുത്. സര്‍ക്കാര്‍ അതിശക്തമായ നടപടിയെടുക്കണം. പെണ്ണുങ്ങളെക്കൊണ്ട് നിയമം കയ്യിലെടുപ്പിക്കരുത്. അതിന് സമൂഹം മുന്നോട്ടുവരണം’, അവര്‍ കൂട്ടിച്ചേര്‍ത്തു.