ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാമത്താവളത്തില്‍ നടന്ന ഡിപ്ലോമാറ്റിക് കാര്‍ഗോ സ്വര്‍ണക്കടത്തുക്കേസ് എന്‍.ഐ.എ അന്വോഷിക്കാന്‍ അനുമതി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് ഉത്തരവ്. രാജ്യസുരക്ഷയ്ക്ക് സ്വര്‍ണക്കടത്ത് ഭാക്ഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി. സംഘടിത കള്ളക്കടത്ത് ദേശസുരക്ഷയ്ക്ക് പ്രത്യാഘാതം ഉണ്ടാക്കിയേക്കാം എന്ന് ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി സ്വര്‍ണം എവിടെ നിന്നെത്തിച്ചെന്നും എന്തിനാണ് എത്തിച്ചതെന്നും അടക്കമുളള കാര്യങ്ങളെല്ലാം തന്നെ എന്‍ഐഎ അന്വേഷിക്കും. അതോടൊപ്പം തന്നെ കസ്റ്റംസും നിലവിലുള്ള അന്വേഷണം തുടരുന്നതാണ്.
അതേസമയം കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിന്റെ ശബ്ദ വിശദീകരണവും പുറത്തുവന്നു. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണെന്നും ഒരു തിരിമറിയും നടത്തിയിട്ടില്ലെന്നും മാറി നില്‍ക്കുന്നത് ഭയം കൊണ്ടാണെന്നും സ്വപ്ന വ്യക്തമാക്കി. കേസില്‍ നിരപരാധിയെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കേസ് നാളെ കോടതി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നടത്തിയ പരിശോധനയില്‍ ബാഗേജില്‍ പല പെട്ടികളിലായി കടത്തിയ 14 കോടിയോളം രൂപ വില വരുന്ന 30 കിലോ സ്വര്‍ണം പിടികൂടിയത്.