സ്വര്‍ണക്കടത്ത് കേസ്; പ്രതികള്‍ എന്‍ഐഎ ഓഫീസില്‍

കൊച്ചി: സംസ്ഥാനത്തെ ഏറെ വിവാദത്തിലാഴ്ത്തിയ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തിച്ചു. ആദ്യം തന്നെ ഇരുവരെയും ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് എന്‍ഐഎ ഓഫീസില്‍ എത്തിച്ചത്. ഇവിടെ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം പ്രതികളെ എന്‍.ഐ.എ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഇന്നു മൂന്നരയോടെ ഹാജരാക്കുമെന്നാണറിയുന്നത്. നിലവിലെ തീരുമാനം 30 ദിവസത്തേക്കാണ് കോടതിയില്‍ നിന്നും സ്വപ്‌നയേയും സന്ദീപിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇരുവരുടേയും കൊറോണ പരിശോധനാഫലം ഇന്ന് തന്നെ ലഭിക്കുകയാണെങ്കില്‍ ഫലമനുസരിച്ച് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായിരിക്കും എന്‍ഐഎയുടെ ശ്രമം. കൊറോണ ഫലം വൈകുകയാണെങ്കില്‍ പ്രതികളെ കറുകുറ്റിയിലെ കൊറോണ നിരീക്ഷണ സെല്ലിലേക്ക് മാറ്റിപാര്‍പ്പിക്കും. സ്വര്‍ണക്കടത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ നിര്‍ണായകമായ വിവരങ്ങള്‍ സ്വപ്‌നയില്‍ നിന്ന് ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ബെംഗളൂരുവില്‍ നിന്നും പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. അതേസമയം വാളയാര്‍ അതിര്‍ത്തി കടന്നത് മുതല്‍ വഴിനീളെ പ്രതിഷേധമാണ് വാഹനവ്യൂഹത്തിന് നേരെ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *