തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച കേസ് അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ സംഘം സെക്രട്ടേറിയറ്റിൽ നടത്തിയ പരിശോധന പൂർത്തിയായി. സെക്രട്ടേറിയറ്റിലെ സെർവർ റൂമും സിസിടിവി ദൃശ്യങ്ങളും എൻഐഎ സംഘം പരിശോധിച്ചു. ആവശ്യമായ ദൃശ്യങ്ങൾ ഏതെന്ന് സർക്കാരിനെ അറിയിക്കുമെന്നും എൻഐഎ അറിയിച്ചു.എൻഐഎ അസിസ്റ്റന്റ് പ്രോഗ്രാമർ വിനോദിന്റെ നേതൃത്വത്തിൽ സംഘമാണ് പരിശോധന നടത്തിയത്. സംസ്ഥാന ഐടി സെക്രട്ടറി മുഹമ്മദ് വൈ സഫീറുള്ളയുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. പതിനഞ്ച് പേരടങ്ങിയ എൻഐഎ സംഘമാണ് സെക്രട്ടറിയേറ്റിൽ എത്തിയിരുന്നത്. ആദ്യം പൊതുഭരണ വകുപ്പിന്റെ സെർവർ റൂമാണ് പരിശോധിച്ചത്.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ഓഫീസ് ഉൾപ്പെട്ട നോർത്ത് ബ്ലോക്കിലെ ഓഫീസിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവികളും എൻഐഎ സംഘം പിന്നീട് പരിശോധിച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി 2019 ജൂൺ ഒന്ന് മുതൽ 2020 ജൂലൈ 10 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ എൻഐഎ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്രെയും നാളത്തെ ദൃശ്യങ്ങളുടെ പകർപ്പ് നൽകുന്നതിലുള്ള സാങ്കേതിക പ്രശ്നം പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് എൻഐഎ സംഘം നേരിട്ടെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നത്.