കൊച്ചി: വിവാദം സൃഷ്ടിച്ച തിരവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായി. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം വ്യക്തമായതിനെ തുടർന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിലെ ഓഫിസിൽ മൊഴി നൽകാൻ ഹാജരായത്.
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയിട്ടില്ല. നയതന്ത്ര ബാഗേജുവഴിയുള്ള സ്വർണം കടത്തിയത് പിടികൂടിയ ദിവസം അനിൽ നമ്പ്യാർ സ്വപ്നയെ ഫോണിൽ ബന്ധപ്പെട്ടതിന്റെ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചിരുന്നു. തുടർന്നാണ് ഇതു സംബന്ധിച്ചചോദ്യങ്ങൾക്ക് സ്വപ്ന ഇയാൾക്കെതിരെ മൊഴി നൽകിയത്. സ്വർണം കടത്തിയതിന്റെ കുറ്റം സരിത്ത് ഏറ്റെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെടണം എന്നായിരുന്നു അനിൽ നമ്പ്യാർ തന്നോടു പറഞ്ഞത് എന്നാണ് സ്വപ്നയുടെ മൊഴി. സ്വപ്നയുമായി ഇദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. അതേസമയം സ്വർണക്കടത്തുമായി അനിൽ നമ്പ്യാരെ ബന്ധിപ്പിക്കുന്ന നേരിട്ടുള്ള തെളിവുകളൊന്നും കസ്റ്റംസിന് ലഭിച്ചിട്ടില്ല എന്നാണ് വിവരം. നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തുന്ന വിവരം അനിലിന് നേരത്തെ അറിയുമായിരുന്നോ, ഇക്കാര്യത്തിൽ എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കസ്റ്റംസ് പരിശോധിക്കുന്നത്. ഇതിൽ എന്തെങ്കിലും തെളിവു ലഭിക്കുന്ന സാഹചര്യമുണ്ടായാൽ അനിലിനെ കസ്റ്റംസ് പ്രതി ചേർക്കാനും സാധ്യതയുണ്ട്. അല്ലാത്തപക്ഷം സാക്ഷിയാക്കുന്നതിനായിരിക്കും കൂടുതൽ സാധ്യത എന്നാണ് വിലയിരുത്തൽ.
നേരത്തെ അനിൽ നമ്പ്യാർക്ക് വിദേശത്ത് ഒരു ചെക്കുകേസുമായി ബന്ധപ്പെട്ട് യാത്രാ വിലക്കുണ്ടായിരുന്നു. ഇത് സ്വപ്നയുടെ സ്വാധീനം ഉപയോഗിച്ച് നീക്കം ചെയ്തതായി മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സ്വർണക്കടത്തിൽ ഇദ്ദേഹം എന്തെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. ബിജെപിയുടെ നേതൃത്വത്തിലുള്ള ചാനലിന്റെ പ്രധാന സ്ഥാനം വഹിക്കുന്ന ആൾ എന്ന നിലയിൽ അനിലിനെതിരെ ഉയരുന്ന ആരോപണം കേരളത്തിലെ ബിജെപിയെയും വരും ദിവസങ്ങളിൽ പ്രതിരോധത്തിലാക്കുന്നതിന് ഇടയുണ്ട്.