സ്വർണക്കടത്ത് കേസ്; അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ: ഗവർണർ


കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണക്കടത്ത് കേസിൽ അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കാര്യപ്രാപ്തിയുള്ള ഏജൻസിയാണ് എൻഐഎ എന്നും അന്വേഷണത്തിലെ കണ്ടെത്തലുകൾക്ക് ക്ഷമയോടെ കാത്തിരിക്കാമെന്നും ഗവർണർ പ്രതികരിച്ചു. നിയമം എല്ലാവർക്കും മുകളിലാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജൻസികളെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും അന്വേഷണത്തെ കുറിച്ച് വിലയിരുത്തേണ്ട സമയമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. എൻ.ഐ.എ.യുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഎം ആരോപണത്തെ കുറിച്ചുളള ചോദ്യത്തോട് പ്രതികരിക്കാൻ ഗവർണർ തയ്യാറായില്ല.
‘രാഷ്ട്രീയ പാർട്ടികളുടെ പ്രസ്താവനയെകുറിച്ച് എന്നോട് പ്രതികരണം ആരായുകയാണോ, അതേ കുറിച്ച് അഭിപ്രായം പറയുന്നത് എന്റെ പദവിക്ക് അനുയോജ്യമല്ല അദ്ദേഹം പറഞ്ഞു. നമ്മളിൽ ഓരോരുത്തർക്കും ഓരോ ജോലിയുണ്ട്. നാം നമ്മുടെ ജോലി ചെയ്യുക. മറ്റുളളവരുടെ ജോലിയിൽ ഇടപെടാൻ നാം പോകരുത്. ദേശീയ അന്വേഷണ ഏജൻസിയാണ് അന്വേഷണം നടത്തുന്നത്. അവരെ നാം വിശ്വസിക്കണം. എൻ.ഐ.എയ്ക്ക് ആരേയും ചോദ്യം ചെയ്യാൻ അധികാരമുണ്ട്. നിങ്ങൾ എത്ര വലിയവനായാലും നിയമത്തിന് കീഴ്പ്പെട്ടനാണ്. എന്തിനാണ് മന്ത്രിയെ വിളിപ്പിച്ചതെന്നോ എന്താണ് ചോദിച്ചതെന്നോ നമുക്കറിയില്ല. അതിനാൽ ക്ഷമയോടെ എൻ.ഐ.എ.യുടെ അന്വേഷണത്തിന്റെ പരിണാമത്തിനായി കാത്തിരിക്കണം ഗവർണർ പറഞ്ഞു.

അതേസമയം സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഐഎ സംഘം കസ്റ്റംസ് ഓഫീസിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നാളെ സ്വപ്നാ സുരേഷിനെ കസ്റ്റഡിയിൽ വാങ്ങുന്ന സാഹചര്യത്തിലാണ് എൻഐഎ സംഘം കസ്റ്റംസ് ഓഫീസിലെത്തി സ്വപ്ന നൽകിയിരിക്കുന്ന മൊഴി അടക്കം പരിശോധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *