സ്വർണക്കടത്ത് കേസ്: മതഗ്രന്ഥങ്ങൾ തിരിച്ചയയ്ക്കാമെന്നും സ്വപ്നയുമായി നടത്തിയത് ഔദ്യോഗിക കൂടിക്കാഴ്ചയെന്നും മന്ത്രി ജലീൽ

കൊച്ചി: സ്വർണക്കടത്തുകേസിലെ പ്രതികളായ സ്വപ്നയും സരിത്തുമായി നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികം മാത്രമാണെന്നും മതഗ്രന്ഥങ്ങൾ തിരിച്ചയയ്ക്കാൻ തയ്യാറാണെന്നും മന്ത്രി കെ ടി ജലീൽ. എൻഫോഴ്‌സ്‌മെന്റിന്റെ ചോദ്യം ചെയ്യലിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മതഗ്രന്ഥം വിതരണം ചെയ്ത സംഭവം, സ്വപ്നയടക്കം കോൺസുലേറ്റുമായി ബന്ധപ്പെട്ടവരുമായി മന്ത്രിയ്ക്കുള്ള പരിചയം, അദ്ദേഹത്തിന്റെ ആസ്തി വകകൾ തുടങ്ങിയവ സംബന്ധിച്ചായിരുന്നു പ്രധാനമായും ചോദ്യം ചെയ്യൽ നടന്നതെന്നാണ് റിപ്പോർട്ട്.

മതഗ്രന്ഥം വിതരണം ചെയ്തത് തെറ്റാണെന്ന് താൻ കരുതുന്നില്ല. ആർക്കൊക്കെ നൽകിയിട്ടുണ്ട് എന്നത് സംബന്ധിച്ച് രേഖകൾ ഉണ്ട്. ആവശ്യമെങ്കിൽ അത് തിരിച്ചെടുക്കാൻ കഴിയുന്നതുമാണെന്ന് ജലീൽ ഇ.ഡിയോട് വ്യക്തമാക്കി. താൻ സമ്പന്നനല്ല. തനിക്ക് പത്തൊമ്പതര സെന്റ് സ്ഥലം മാത്രമാണുള്ളത്. ഒന്നര ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. 3.5 ലക്ഷം രൂപ ട്രഷറിയിൽ ഉണ്ട്. സ്വന്തമായി വാഹനമോ സ്വർണമോ ഇല്ല തുടങ്ങിയ കാര്യങ്ങളുമാണ് അദ്ദേഹം അന്വേഷണ സംഘത്തോട് പറഞ്ഞിരിക്കുന്നത്. സ്വപ്ന അടക്കം ഉള്ളവരോടുള്ള ബന്ധം ഔദ്യോഗികം മാത്രമാണ്. വ്യക്തിപരമായ കാര്യങ്ങൾക്ക് ഇത്തരം ബന്ധങ്ങൾ ഉപയോഗിച്ചിട്ടില്ല. കോൺസൽ ജനറലുമായുള്ള ബന്ധത്തിൽ അസ്വാഭാവികതയില്ല. പ്രോട്ടോക്കോൾ ലംഘനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നു എന്നും ജലീൽ അന്വേഷണ സംഘത്തോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *