സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പുമുടക്കും സമരവും ഹൈക്കോടതി വിലക്കി

കൊച്ചി: കലാലയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന പഠിപ്പ്മുടക്ക്, മാർച്ച് എന്നിവ സ്‌കൂളുകളിലും കോളേജുകളിലും നടത്തുന്നത് വിലക്കി ഹൈക്കോടതി ഉത്തരവിട്ടു. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ നിന്നുള്ള രണ്ട് സ്‌കൂളധികൃതർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. കലാലയ രാഷ്ട്രീയ പ്രവർത്തനങ്ങൾ കാരണം വലിയ തോതിൽ ക്ലാസുകൾ നഷ്ടപ്പെടുന്നു എന്നതും, കലാലയങ്ങളിലെ രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും അത് നടപ്പാക്കുന്നില്ല എന്നിവയായിരുന്നു സ്‌കൂൾ അധികൃതർക്ക് വേണ്ടി ഹാജരായ വക്കീൽ കോടതിയെ ധരിപ്പിച്ചത്.
ഇത് പരിഗണിച്ച കോടതി നിർണായക വിധി പുറപ്പെടുവിക്കയായിരുന്നു. കലാലയ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിക്കൊണ്ടുള്ള സമാധാന അന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള പഠിപ്പ് മുടക്ക്, ജാഥ, സമരം എന്നിവയൊന്നും പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ.് കലാലയങ്ങളുടെ ക്യാമ്പസിനുള്ളിൽ ഇത്തരം രീതികൾ അനുവദിക്കാനാകില്ല. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധ പ്രവർത്തനമായി കരുതണം. ഒരു വിദ്യാർഥിയേയും സമരത്തിനോ, പഠിപ്പുമുടക്കിനോ വിളിച്ചിറക്കാൻ മറ്റൊരു വിദ്യാർഥിക്ക് അവകാശമില്ലെന്നും കോടതി സൂചിപ്പിച്ചു. കലാലയങ്ങളിൽ പഠിക്കാനെത്തുന്ന ഏതൊരു വിദ്യാർഥിക്കും തന്റേതായ മൗലികാവകാശങ്ങളുണ്ട്. ഇത്തരത്തിൽ ഒരു വിദ്യാർഥിയുടെ പഠിക്കാനുള്ള അവകാശത്തിന്മേൽ കടന്നുകയറാൻ മറ്റൊരു വിദ്യാർഥിക്ക് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. .ക്യാമ്പസ് പഠിക്കാനുള്ളതാണ്. അല്ലാതെ മറ്റൊരാളുടെ അവകാശങ്ങൾ നിഷേധിക്കാനോ, സമാധാന അന്തരീക്ഷം തകർക്കാനോ ഉള്ള സ്ഥലമല്ല. എന്നാൽ ക്യാമ്പസുകൾക്കുള്ളിൽ ചർച്ചകളും ചിന്തകളുമാകാം. ഏതുവിഷയത്തേപ്പറ്റിയും സമാധാനപരമായ ചർച്ചകൾ നടത്താം. എന്നാൽ അതിന്റെ പേരിൽ മറ്റൊരു വിദ്യാർഥിയെ സമ്മർദ്ദം ചെലുത്തി സമരത്തിലേക്കോ പഠിപ്പുമുടക്കിലേക്കോ നയിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *