അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്ന പരാതിയിൽ സർക്കാരിനും കെഎസ്ഇബിക്കും നോട്ടീസ്. നിലവിൽ അണക്കെട്ടുകളിലെ സ്ഥിതിയെന്തെന്നും മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വിശദീകരിക്കണമെന്നാണ് ആവശ്യം. കേസ് അടുത്ത മാസം ആറിന് ഹൈക്കോടതി പരിഗണിക്കും.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ. അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്ന പരാതിയിൽ സർക്കാരിനും കെഎസ്ഇബിക്കും നോട്ടീസയച്ച കോടതി നിലവിൽ അണക്കെട്ടുകളിലെ സ്ഥിതിയെന്തെന്നും, മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്ന് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു. അണക്കെട്ടുകളിൽ ഇപ്പോൾത്തന്നെ ജലനിരപ്പ് ഉയർന്ന നിലയിലാണെന്നും വൈദ്യുതോൽപ്പാദനം കുറവാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണ കാലവർഷമുണ്ടായാലും പ്രളയസാധ്യതയുണ്ടെന്നും കത്തിൽ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി ഇത്തരത്തിൽ ചീഫ് ജസ്റ്റിസിന് കത്ത് നൽകുന്നത് അസാധാരണ നടപടിയാണ്. കേരളത്തിൽ തിങ്കളാഴ്ച മുതൽ കാലവർഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.