അധ്യാപകർക്കുള്ള ഓൺലൈൻ പരിശീലനത്തിന് മികച്ച പ്രതികരണം

തിരുവനന്തപുരം: പ്രൈമറി അധ്യാപകർക്ക് കൈറ്റ് വിക്ടേഴ്സ് വഴി നടത്തുന്ന ഓൺലൈൻ പരിശീലനത്തിൽ ആദ്യ ദിനത്തിലെ ക്ലാസുകൾക്ക് 61,000 അധ്യാപകർ ഓൺലൈൻ ഫീഡ്ബാക്ക് രേഖപ്പെടുത്തി. വ്യാഴാഴ്ച സംപ്രേഷണം ചെയ്ത ‘ക്ലാസ്മുറിയിലെ അധ്യാപകൻ’ (പ്രൊഫ. സി. രവീന്ദ്രനാഥ്), സ്‌കൂൾ സുരക്ഷ (മുരളി തുമ്മാരുക്കുടി), ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം (ഡോ. ബി. ഇക്ബാൽ, ഡോ. മുഹമ്മദ് അഷീൽ, ഡോ. അമർ ഫെറ്റിൽ, ഡോ. എലിസബത്ത്) എന്നീ സെഷനുകൾ 16നും (ശനിയാഴ്ച) രണ്ടാം ദിവസത്തെ ഐ.സി.ടി.യും വിദ്യാഭ്യാസവും (ഡോ. സജി ഗോപിനാഥ്, കെ. അൻവർ സാദത്ത്), ഇംഗ്ലീഷ് ഭാഷയിലെ പുതുപ്രവണതകൾ (ഡോ. പി. കെ. ജയരാജ്) ക്ലാസുകൾ 17നും (ഞായർ) ഇതേ സമയത്ത് കൈറ്റ് വിക്ടേഴ്സിൽ പുനഃസംപ്രേഷണം ചെയ്യും.

സംപ്രേഷണം ചെയ്ത മുഴുവൻ സെഷനുകളും youtube.com/itsvicters ൽ ലഭ്യമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ആദ്യ ക്ലാസിന് യൂട്യൂബിൽ മാത്രം ഒന്നേകാൽ ലക്ഷത്തിലധികം വ്യൂവർഷിപ്പ് ലഭിച്ചു. കൈറ്റ് വിക്ടേഴ്സ് ചാനലിൽ കാണാൻ കഴിയാത്ത അധ്യാപകർക്ക് അവരുടെ സൗകര്യമനുസരിച്ച് പിന്നീടും യുട്യൂബിലൂടെ കാണാനും സമഗ്ര പോർട്ടലിൽ ഓൺലൈനായി ഫീഡ്ബാക്ക് നൽകാനും സംശയങ്ങൾ ഉന്നയിക്കാനും അവസരം നൽകിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. , കെ. അൻവർ സാദത്ത് അറിയിച്ചു.

കൈറ്റ് വിക്ടേഴ്സ് ചാനൽ ഡി.ടി.എച്ച്. ശൃംഖലകളിൽ ലഭ്യമാക്കാൻ സർക്കാർ നിർദേശം നൽകിയതനുസരിച്ചുള്ള ക്രമീകരണം ഡി.ടി.എച്ച്. ഓപ്പറേറ്റർമാർ ഏർപ്പെടുത്തണം. തിങ്കളാഴ്ച രാവിലെ എല്ലാവരേയും ഉൾക്കൊള്ളുന്ന ഗണിത ക്ലാസിനെക്കുറിച്ചും ഉച്ചയ്ക്ക് ശാസ്ത്രബോധം ഉണർത്തുന്ന ശാസ്ത്രപഠനത്തെക്കുറിച്ചും ക്ലാസുകൾ നടക്കും

Leave a Reply

Your email address will not be published. Required fields are marked *