ന്യൂഡൽഹി: അന്തർ സംസ്ഥാന തൊഴിലാളികൾ അനുഭവിക്കുന്ന കടുത്ത ദുരിതം രാജ്യം മനസ്സിലാക്കുന്നുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ചെരുപ്പ് പോലും ഇല്ലാതെ ഹൈവേകളിലൂടെ അവർ നടക്കുകയാണ്. അവരുടെ പേടി, വിലാപം, വേദന എല്ലാം രാജ്യം കാണുന്നുണ്ട്. എന്നാൽ ഇന്ത്യ ഭരിക്കുന്ന സർക്കാർ മാത്രം ഇതൊന്നും അറിയുന്നില്ല. അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള വിഡിയോ സന്ദേശത്തിലാണ് സോണിയ ഇക്കാര്യം പറഞ്ഞത്.
കോൺഗ്രസിന്റെ ‘സ്പീക് അപ്’ എന്ന പ്രചാരണപരിപാടിയുടെ ഭാഗമാണ് വിഡിയോ. പാവങ്ങളുടേയും അന്തർസംസ്ഥാന തൊഴിലാളികളുടേയും ചെറുകിട വ്യാപാരികളുടേയും പ്രശ്നങ്ങൾ കേന്ദ്രസർക്കാറിന്റെ മുന്നിൽ ഉന്നയിക്കുകയാണ് കോൺഗ്രസ് ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്.
പാവപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ആറ് മാസത്തേക്ക് 7,500 രൂപ വീതം സംസ്ഥാന സർക്കാർ നൽകണമെന്നും സോണിയ ആവശ്യപ്പെട്ടു. 10,000 രൂപ ഇപ്പോൾത്തന്നെ ലഭ്യമാക്കണം.
ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചത് മൂലം ജോലി നഷ്ടപ്പെട്ട പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് സൗജന്യമായും സുരക്ഷിതമായും വീട്ടിലെത്തിക്കാനുള്ള സാഹചര്യമൊരുക്കണമന്നും സോണിയ ഗാന്ധി വിഡിയോയിൽ ആവശ്യപ്പെട്ടു