തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളിൽ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. തൊഴിലും നൈപുണ്യവും വകുപ്പ് ചേർന്നാണ് അപേക്ഷ ക്ഷണിച്ചത്. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാർഡും പ്രശംസാപത്രവും നൽകും. ഓരോ മേഖലയ്ക്കും ഒരു ലക്ഷം രൂപ വീതമാണ് അവാർഡ്.
ചുമട്ടു തൊഴിലാളി, നിർമാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യൽ തൊഴിലാളി, കയർ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോർ തൊഴിലാളി, തോട്ടം തൊഴിലാളി, സെയിൽസ് മാൻ/ സെയിൽസ് വുമൺ, നഴ്‌സ്, സെക്യൂരിറ്റി ഗാർഡ്, ടെക്‌സ്‌റ്റൈൽ തൊഴിലാളി,ഗാർഹിക തൊഴിലാളി എന്നീ 14 തൊഴിൽ മേഖലകളാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്.
തൊഴിലാളി ഓൺലൈനായി പതിനഞ്ചു ചോദ്യങ്ങൾക്ക് ഉത്തരം വെബ്സൈറ്റ് വഴി നൽകിയാണ് അപേക്ഷിക്കേണ്ടത്. പരിശോധനയുടെ ആദ്യഘട്ടമെന്ന നിലയിൽ തൊഴിലാളി സമർപ്പിക്കുന്ന നോമിനേഷനുകൾ ജില്ലാ ലേബർ ഓഫീസർമാർ പരിശോധിക്കും. യോഗ്യതയുള്ള അപേക്ഷകൾ വിശദമായി പരിശോധിക്കുന്നതിനായി അസിസ്റ്റന്റ് ലേബർ ഓഫീസർമാരെ ചുമതലപ്പെടുത്തും. യോഗ്യതയില്ലാത്തതും തെറ്റായ വിവരങ്ങൾ സമർപ്പിച്ചിട്ടള്ളതുമായ നോമിനേഷനുകൾ തള്ളും. നോമിനേഷൻ സ്വീകരിക്കുന്ന മുറയ്ക്ക് തൊഴിലാളി സമർപ്പിച്ചിട്ടുള്ള വിവരങ്ങൾ പ്രകാരം തൊഴിലുടമയ്ക്കും ട്രേഡ് യൂണിയൻ പ്രതിനിധിക്കും ബന്ധപ്പെട്ട തൊഴിലാളിയെ സംബന്ധിച്ച ചോദ്യാവലി പൂരിപ്പിച്ച് സമർപ്പിക്കുന്നതിനുള്ള അലർട്ട് മെസ്സേജ് ഇ-മെയിൽ ആയും എസ്.എം.എസ് ആയും നൽകും.
തൊഴിലുടമയ്ക്കും ട്രേഡ് യൂണിയൻ പ്രതിനിധിക്കും തങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലേബർ കമ്മീഷണറുടെ വെബ്സൈറ്റിലുള്ള(www.lc.kerala.gov.in) തൊഴിലാളി ശ്രേഷ്ഠ അവാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പോർട്ടലിൽ ലോഗിൻ ചെയ്ത് അഭിപ്രായം സമർപ്പിക്കാം. തൊഴിലാളിയെക്കുറിച്ച് തൊഴിലുടമ, ട്രേഡ് യൂണിയൻ പ്രതിനിധി എന്നിവരുടെ അഭിപ്രായം ഓൺലൈൻ ആയി ശേഖരിച്ച്, സോഫ്റ്റ് വെയർ മുഖേന മാർക്ക് കണക്കാക്കും.തുടർന്ന് ലേബർ കമ്മീഷണർ നിശ്ചയിക്കുന്ന കട്ട് ഓഫ് മാർക്കിന്റെ അടിസ്ഥാനത്തിൽ യോഗ്യത നേടിയിട്ടുള്ള തൊഴിലാളികളെ മൂന്ന് ഘട്ടങ്ങളിലായുള്ള ഇന്റർവ്യൂ നടത്തിയതിനു ശേഷമാണ് ഏറ്റവും മികച്ച തൊഴിലാളിയെ തെരഞ്ഞെടുക്കുന്നത്. അവാർഡിന് അപേക്ഷകൾ സ്വീകരിക്കുന്നതിനും അവ പ്രോസസ്സ് ചെയ്യുന്നതിനുമായുള്ള സോഫ്റ്റ്വെയറിന്റെ ലിങ്ക് ഓഗസ്റ്റ് 28 മുതൽ ലേബർ കമ്മീഷണറുടെ വെബ്സൈറ്റിൽ ലഭ്യമാകും. തൊഴിലാളികൾക്ക് വെബ്സൈറ്റ് ലിങ്ക് വഴി സെപ്റ്റംബർ മൂന്നു മുതൽ 10 വരെ അപേക്ഷിക്കാം. തൊഴിലുടമകൾക്കും ട്രേഡ് യൂണിയനുകൾക്കും സെപ്റ്റംബർ മൂന്നു മുതൽ 12 വരെ ബന്ധപ്പെട്ട തൊഴിലാളികളെ സംബന്ധിച്ച അഭിപ്രായം വെബ്സൈറ്റ് ലിങ്ക് വഴി രേഖപ്പെടുത്താം.