വാറണ്ട് കേസുകളിൽ, വാറണ്ടിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് കോടതി മുമ്പാകെ ജാമ്യക്കാരെയും കോടതി നിർദ്ദേശിക്കുന്ന ജാമ്യ വസ്തുവും സമർപ്പിച്ചാൽ ജാമ്യം ലഭ്യമാണ്. ജാമ്യം അനുവദനീയമായ കുറ്റങ്ങളിൽ വാറണ്ട് ഇല്ലാതെ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റ് ചെയ്യുകയാണെങ്കിൽ പോലീസ് സ്‌റ്റേഷനിൽവച്ച് തന്നെ ജാമ്യ ബോണ്ട് സമർപ്പിച്ച് ജാമ്യം അനുവദിക്കാൻ ആവശ്യപ്പെടാവുന്നതാണ്. ക്രിമിനൽ നടപടിചട്ടം 436 പ്രകാരം കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് ജാമ്യക്കാരില്ലാതെ തന്നെ പ്രതിയുടെ സ്വന്തം ജാമ്യത്തിൽ വിട്ടയക്കാനുള്ള അധികാരമുണ്ട്. ജാമ്യം അനുവദിക്കുന്നില്ലെങ്കിൽ ഉടൻതന്നെ സ്വന്തം അഭിഭാഷകനെ അറസ്റ്റ് വിവരം അറിയിക്കുകയും ജാമ്യക്കാരാകാൻ സാധ്യതയുള്ള വ്യക്തികളുടെ വിലാസവും വിവരങ്ങളും നൽകേണ്ടതുമാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ നിങ്ങളെ ഹാജരാക്കാൻ സാധ്യതയുളള കോടതി സമയം, ജാമ്യം നിൽക്കാൻ സന്നദ്ധതയുള്ള ആളുകൾ, നിലവിലെ കരമടച്ച രസീത് എന്നിവയുമായി ഒരു അഭിഭാഷകനെ സമീപിക്കാൻ മറ്റാരോടെങ്കിലും ആവശ്യപ്പെടുക. ഇത്രയും ചെയ്താൽ കാലതാമസവും ജയിൽവാസവും ഒഴിവാക്കാം. ഇതിന് പോലീസ് അവസരമൊരുക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുള്ളതാണ്.
മുൻകൂർ ജാമ്യം
മുൻകൂർ ജാമ്യം എന്നത് ജാമ്യമല്ല. വിചാരണ കോടതി അല്ലെങ്കിൽ മജിസ്‌ട്രേറ്റു കോടതിക്കുള്ള നിർദ്ദേശമാണ്. അറസ്റ്റ് നേരടേണ്ടിവരുമെന്ന് ഉറപ്പായാൽ ഹൈക്കോടതിയേയോ സെഷൻസ് കോടതിയേയോ മുൻകൂർ ജാമ്യത്തിനായി സമീപിക്കാം. മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണെങ്കിൽ അറസ്റ്റ് ചെയ്യാൻ സാധിക്കുന്നതല്ല. പട്ടിക ജാതിക്കാർക്ക് എതിരെയുള്ള ആക്രമണം തടയാൻ ഉള്ള നിയമപ്രകാരമുളള കുറ്റകൃത്യം ആരോപിക്കപ്പെട്ടാൽ മുന്കൂർ ജാമ്യത്തിന് അപേക്ഷിക്കാനുള്ള യോഗ്യത ഇല്ലാതാകുന്നു.
എന്താണ് അപ്പീൽ
നിയമപരമായി രൂപവൽക്കരിച്ചിട്ടുള്ള ഭരണനിർവഹണ സമിതിയുടേയോ കോടതിയുടേയോ ന്യായവിധികളെ ചോദ്യം ചെയ്തുകൊണ്ട് അവയെ ഒരു കോടതിയുടേയോ ഉന്നതതരമായ ഒരു സ്ഥാപനത്തിന്റേയോ പുന:പരിശോധനയ്ക്കായി സമർപ്പിക്കുന്ന നടപടിക്രമത്തെയാണ് അപ്പീൽ എന്നു പറയുന്നത്. അപ്പീൽ പരിഗണിക്കുന്ന കോടതികൾക്ക് പ്രസ്തുത ന്യായവിധികളെ ശരിവെക്കുകയോ റദ്ദുചെയ്യുകയോ പരിഷ്‌കരിക്കുകയോ പുന:പരിശോധനയ്ക്കായി തിരിച്ചയയ്ക്കുകയോ ചെയ്യാൻ അവകാശമുണ്ട്. സാധാരണയായി അപ്പീൽ സമർപ്പിക്കുന്നത് കേസിൽ പരാജയപ്പെടുന്ന കക്ഷിയാണ്. ആവശ്യപ്പെടുന്ന നിവർത്തികൾ മുഴുവൻ അനുവദിച്ചുകിട്ടാത്തപക്ഷം വിജയിച്ച കക്ഷിയും അപ്പീൽ സമർപ്പിക്കാറുണ്ട്. വിധിയിൽ ഇരുകക്ഷികളും അസംതൃപ്തരാണെങ്കിൽ ഓരോരുത്തർക്കും വിധിക്കെതിരെ അപ്പീൽ സമർപ്പിക്കാം.
ആർക്കൊക്കെയാണ് അപ്പീലവകാശം
കോടതി ഉത്തരവുമൂലം ദോഷം സംഭവിക്കാത്ത വ്യക്തിക്കോ, അനുകൂലവിധി ലഭിച്ചിട്ടുള്ള കക്ഷിക്കോ അപ്പീൽ അവകാശമില്ല. എന്നാൽ ഹർജിയിലെ താൽപ്പര്യങ്ങൾക്ക് ഏതെങ്കിലും കുറവ് വന്നിട്ടുണ്ടെങ്കിൽ അവ പരിഹരിക്കുന്നതിന് വേണ്ടി അപ്പീൽ കോടതിയെ സമീപിക്കാവുന്നതാണ്. വ്യവഹാരത്തിന്റെ പ്രാരംഭത്തിൽ കക്ഷിയല്ലായിരുന്നുവെങ്കിലും പിന്നീട് കക്ഷിചേരാൻ അനുവാദം സിദ്ധിച്ചിട്ടുള്ളവർക്കോ, പ്രതിനിധികൾ മുഖേന കക്ഷിയായിരുന്നിട്ടുള്ളവർക്കോ വ്യവഹാരമധ്യേ സ്വമേധയായിട്ടോ അല്ലാതെയോ കക്ഷി ചേർന്നിട്ടുള്ളവർക്കോ അസ്സൽ കക്ഷികളെപ്പോലെ അപ്പീലവകാശം ഉണ്ടായിരിക്കും. ഇന്ത്യയിലെ അപ്പീൽ ഇടപാടുകൾ 1908 ൽ സിവിൽ പ്രോസേഡിയർ കോഡ് അനുസരിച്ചാണ് നടക്കുന്നത്. ഈ നിയമമനുസരിച്ച് ആദ്യ വിചാരണാധികാരമുള്ള ഏത് കോടതിയുടെയും തീരുമാനങ്ങളിന്മേൽ അപ്പീൽ കേൾക്കുന്നതിനുള്ള അധികാരം അതത് മേൽക്കോടതികൾക്കുണ്ട്. എക്‌സ്പാർട്ടി ആയി വിധിച്ച കേസുകളിലും അപ്പീൽ കേൾക്കാറുണ്ട്. എന്നാൽ കക്ഷികളുടെ ഉഭയസമ്മതപ്രകാരം ഉണ്ടായിട്ടുള്ള വിധികളിന്മേൽ അപ്പീൽ സ്വീകരിക്കുന്നതല്ല. നിയമപ്രാബല്യമുള്ള കീഴ്‌നടപടികൾക്കെതിരയിട്ടോ, നിയമത്തിനെതിരായിട്ടോ, തീരുമാനങ്ങളെടുക്കുക, വിവാദവിഷയത്തെക്കുറിച്ച് അർഹമായ തീരുമാനങ്ങളെടുക്കാതിരിക്കുക, പിശകുമൂലം തീരുമാനത്തിൽ പിഴയുണ്ടാകുക എന്നീ കാര്യങ്ങളുണ്ടായാൽ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കാം. അപ്പീൽ കോടതിക്ക് ഒരു വ്യവഹാരത്തെ സംബന്ധിച്ച് അന്തിമ തീർപ്പുകൽപ്പിക്കുന്നതിനോ, കീഴ്‌ക്കോടതിയിലേക്ക് കേസ് തിരിച്ചയക്കുന്നതിനോ വാദമുഖങ്ങൾ രൂപവൽ്ക്കരിച്ച് വീണ്ടും വിസ്തരിക്കുന്നതിനയയ്ക്കുന്നതിനോ കൂടുതൽ തെളിവുകൾ എടുക്കുകയോ തെളിവുകൾ എടുക്കുകയോ തെളിവുകൾ എടുക്കാൻ നിർദ്ദേശിക്കുകയോ ചെയ്യുന്നതിനോ അധികാരമുണ്ട്. ഹൈക്കോടതിയുടെ തരുമാനങ്ങളിന്മേൽ സുപ്രീകോടതിയിൽ അപ്പീൽ ബോധിപ്പിക്കാനവസരമുണ്ട്.
എന്താണ് അപ്പീൽ ഹർജി
അപ്പീൽ അനുവദിക്കുന്നതിനുവേണ്ടിവ സമർപ്പിക്കപ്പെടുന്ന വസ്തുതകളുടെ വിവരണമാണ് അപ്പീൽ ഹർജി. ഒരു കോടതിയുടേയോ അല്ലെങ്കിൽ നിയമപരമായി രൂപവല്ക്കരിച്ചിട്ടുള്ള ഭരണനിർവ്വഹണ സമിതിയുടേയോ ന്യായവിധികളെ ചോദ്യം ചെയ്തുകൊണ്ട് അവയെ ഒരു കോടതിയുടെയോ ഉന്നതസ്ഥാപനത്തിന്റേയോ പുന:പരിശോധനയ്ക്കായി സമർപ്പിക്കുന്ന നടപടി ക്രമത്തെയാണ് അപ്പീൽ എന്നുപറയുന്നത്. എല്ലാ അപ്പീലുകളും ഹർജിയുടെ രൂപത്തിൽ പ്രത്യേകമായി തയ്യറാക്കി അപ്പീൽവാദിയോ വാദി അധികാരപ്പെടുത്തിയ വക്കീലോ ഒപ്പിട്ട് അപ്പീലധികാരിയുടെ മുൽപിൽ ഹാജരാക്കേണ്ടതാണ്. ഇന്ത്യയിൽ സിവിൽ, ക്രിമിനൽ നടപടി നിയമങ്ങളും ബന്ധപ്പെട്ട നടപടി ചട്ടങ്ങളും വ്യവസ്ഥ ചെയ്യുന്ന വിധം നിർദ്ദിഷ്ട മാതൃകയിലാണ് മിക്ക അപ്പീലുകളും സമർപ്പിക്കേണ്ടത്. ചില പ്രത്യേക നിയമങ്ങളുടെ പരിധിയിൽവരുന്ന അപ്പീൽ ഹർജികളിൽ അപ്പീൽ വാദിതന്നെ ഒപ്പിടണമെന്നുണ്ട്. ആദായനികുതി, വില്പന നികുതി മുതലായ കേസുകളിന്മേലുള്ള അപ്പീൽ ഹർജികൾ ഇതിൽപ്പെടുന്നു. അപ്പീൽ ഹർജിയോടൊപ്പം അപ്പീലിനാസ്പദമായ അഥവാ അപ്പീൽ മുഖേന ചോദ്യം ചെയ്യുന്ന ഉത്തരവിന്റേയോ വിധിയുടേയോ പകർപ്പുകൂടി ഹാജരാക്കണം. ഈ ഉത്തരവിനേയോ വിധിയേയോ ഖണ്ഡിക്കുന്ന ഓരോ തർക്കവും അതിനാസ്പദമായ വാദമുഖങ്ങളും ഖണ്ഡികയായി വിവരിച്ച് ഓരോ ഖണ്ഡികയും നമ്പരിട്ട് അപ്പീൽഹർജി സമർപ്പിക്കണം. അപ്പീൽ ബോധിപ്പിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കാലാവധിക്കുള്ളിൽ അപ്പീൽ ഹർജി ഹാജരാക്കേണ്ടതാണ്. കീഴ്‌ക്കോടതിയിലെ വാദമുഖങ്ങളുടെ സംഗ്രഹമല്ലാതെ പൂർണ്ണവിശദാംശങ്ങൾ അപ്പീൽ ഹർജിയിൽ കാണിക്കേണ്തില്ല. അപ്പീൽ അനുവദിക്കുന്നതിന് ഉന്നയിക്കുന്ന കാരണങ്ങൾ ഹ്രസ്വവും വ്യക്തവുമായിരിക്കണം. അപ്പീൽ ഹർജിയിൽ ഉന്നയിച്ചിട്ടില്ലാത്ത വിഷയത്തെപ്പറ്റി അപ്പീലധികാരി വാദം കേൾക്കേണ്ട ആവശ്യമില്ല. എന്നാൽ അവയെക്കുറിച്ച് വാദിക്കുന്നതിന് അപ്പീൽവാദിയെ അനുവദിക്കുന്നതിന് അപ്പീലധികാരിക്ക് അധികാരമുണ്ട്.
കോടതികളെല്ലാം അപ്പീൽ തീരുമാനിക്കുന്നത് ചില നിയമവ്യവസ്ഥകളും തത്വങ്ങളും അനുസരിച്ചാണ്. ഒരു അപ്പീൽ കോടതിക്ക് അതിന്റെ മുൻപാകെ തീരുമാനത്തിനുവരുന്ന അപ്പീൽ ചില ഉപാധികൾക്കും പരിമിതികൾക്കും വിധേയമായി അവസാനമായി തീരുമാനിക്കാം. അല്ലെങ്കിൽ അതിൽ ഉന്നയിക്കപ്പെട്ട ഏതെങ്കിലുമോ എല്ലാമോ പ്രശ്‌നങ്ങൾ വീണ്ടും തീരുമാനിക്കാനായി ആദ്യ കോടതിയിലേക്ക് തിരിച്ചയക്കുകയോ ചെയ്യുകയോ പുതിയ പോയിന്റുകളേർപ്പെടുത്തി അവയെ സംബന്ധിച്ച വിചാരണ നടത്തുകയോ കൂടുതൽ തെളിവ് സ്വീകരിക്കുകയോ അങ്ങനെ ചെയ്യുവാൻ കീഴ്‌ക്കോടതിയോട് ആവശ്യപ്പെടുകയോ ചെയ്യാം.
കീഴ്‌ക്കോടതി അസ്ഥിരപ്പെടുത്തത്തക്കതല്ലെന്ന്കണ്ടാൽ അതിനെ സ്ഥിരീകരികരിക്കുന്നതാണ്. ഒരു അപ്പീൽ കോടതിയുടെ തീരുമാനത്തിനെതിരായി അതിന് മുകളിലുള്ള കോടതിയുടെ മുമ്പാകെ അപ്പീൽ ബോധിപ്പിച്ചാൽ അത് തീരുമാനം ചെയ്യുന്നതും ഏതാണ്ട് ഈ തത്വങ്ങൾ അനുസരിച്ചാണ്. ഇത് സംബന്ധിച്ച വ്യവസ്ഥകൾ സിവിൽ നടപടിക്രമത്തിൽ 96 മുതൽ 112 വരെ വകുപ്പുകളിലും 41 മുതൽ 45 വരെ ചട്ടങ്ങളിലും ഭരണഘടനയിലെ 132,133 എന്നീ അനുച്ഛേദങ്ങളിലും അടങ്ങിയിരിക്കുന്നു.
ക്രിമിനൽ കേസുകളുടെ കാര്യത്തിലാണെങ്കിൽ ആദ്യകോടതിയുടെ കുറ്റസ്ഥാപനവും ശിക്ഷാവിധിയും അസ്ഥിരപ്പെടുത്തുവാനും പ്രതി കുറ്റക്കാരനല്ലെന്ന്കണ്ട് അയാളെ വെറുതെ വിടാനും അതല്ലെങ്കിൽ അയാളുടെ വിധി അസ്ഥിരപ്പെടുത്തി അയാളെ വീണ്ടും വിചാരണ ചെയ്യുവാനും ഉത്തരവാകാം. കുറ്റസ്ഥിരീകരണം അസ്ഥിരപ്പെടുത്താതെതന്നെ ശിക്ഷ കുറയ്ക്കാവുന്നതുമാണ്.
കീഴ്‌ക്കോടതി പ്രതിയെ വെറുതെ വിട്ട് വിധി പ്രസ്താവിച്ച കേസിനെ സംബന്ധിച്ച് ഹൈക്കോടതിക്ക് അപ്പീൽ കേൾക്കാനും ആ വിധി അസ്ഥിരപ്പെടുത്താനും അധികാരമുണ്ട്. അതുപോലെ കീഴ്‌ക്കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയാൽ കൂട്ടാനും അധികാരമുണ്ട്. ഇവയെ സംബന്ധിച്ച വ്യവസ്ഥകൾ ക്രിമിനൽ ശിക്ഷാ നടപടി ക്രമത്തിലെ 406, 406 എ,408 മുതൽ 411 എന്നീ വകുപ്പുകളിലും സുപ്രീംകോടതിയെ സംബന്ധിച്ചകാര്യങ്ങൾ ഭരണഘടനയിലെ 134,136 എന്നീ അനുച്ഛേദങ്ങളിലും അടങ്ങിയിരിക്കുന്നു. മേൽപറഞ്ഞവ കൂടാതെ ആദായ നികുതി, വിൽപ്പന നികുതി, കാർഷികാദായ നികുതി, എസ്റ്റേറ്റ് ഡ്യൂട്ടി മുതലായവയെ സംബന്ധിച്ചും റവന്യൂവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളിലും തദ്ദേശസ്വയംഭരണപരമായ നിയമങ്ങളിലും മറ്റും അപ്പീലുകളെ സംബന്ധമായ കാര്യങ്ങളെല്ലാം വ്യവസ്ഥ ചെയ്തിട്ടുണ്ട്.