അറിയാം സൈബർ നിയമങ്ങൾ

സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന നാളുകളാണിത്. നിയമങ്ങളെക്കുറിച്ചും ശിക്ഷകളെക്കുറിച്ചും ബോധ്യമില്ലാത്തതുകൊണ്ടാണ് ഇത്രയധികം കുറ്റകൃത്യങ്ങൾ സൈബർലോകത്ത് സൃഷ്ടിക്കപ്പെടുന്നത്. സോഷ്യൽ മീഡയയിലൂടെ വ്യക്തിഹത്യ നടത്തുന്നതും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതുമാണ് നിലവിലുള്ളതിൽ ഏറ്റവും വേദനാജനകമായ സൈബർ കുറ്റകൃത്യം.

കോവിഡ് 19 സംബന്ധിച്ച് വന്ന ആശയക്കുഴപ്പങ്ങളുടെ ഉറവിടസ്ഥാനം സോഷ്യൽ മീഡിയകളുടെ കടന്നു കയറ്റമായിരുന്നുവെന്നതിൽ തർക്കമില്ല. കൊറോണയെ സംബന്ധിച്ച് വ്യാജസന്ദേശങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചിരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചിട്ടുള്ളത്. വാർത്ത സൃഷ്ടിക്കുന്നവർ മാത്രമല്ല, സമൂഹത്തിന്റെ നന്മമുന്നിൽക്കണ്ട് ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ ശ്രമിക്കാതെ ഇത്തരം വാർത്തകൾ ഷെയർ ചെയ്തുകൊണ്ട് അറിയാതെ കുറ്റകൃത്യത്തിൽ പങ്കാളികളാകുന്നവരാണ് ഭൂരിഭാഗംപേരും. ഇവർക്കെല്ലാം സൈബർ കുറ്റകൃത്യം എന്താണെന്നും അതിനു ലഭിക്കുന്ന ശിക്ഷ എന്താണെന്നും ബോധ്യപ്പെടുത്തിക്കൊടുക്കുവാനാണ് ഈ നാളുകളിൽ അധികമായി ശ്രമിക്കേണ്ടത്.


തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും കൈമാറുന്നതിന്റെ ഗൗരവം സംബന്ധിച്ച് ഇത്തരം സാഹചര്യങ്ങളിൽ നാം ബോധവാന്മാരാകേണ്ടതുണ്ട്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയാണ് ഇത്തരം പ്രവണതകൾ. സത്യസന്ധമാണെന്ന് ഉറപ്പാക്കാത്തതും ഔദ്യോഗിക സ്രോതസ്സുകളിൽനിന്നല്ലാത്ത വാർത്തകളും സമൂഹത്തിന് കൈമാറരുത്. യാഥാർത്ഥ്യത്തിന് നിരക്കാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ തെറ്റിദ്ധാരണയ്ക്കും ഭീതി വർദ്ധിപ്പിക്കാനും കാരണമാകും.


ജനങ്ങൾ നിയമങ്ങളെക്കുറിച്ച് ബോധവാന്മാരകുമ്പോൾത്തന്നെ ഇത്തരം സൈബർ ആക്രമണങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കപ്പെടും. ഇന്റർനെറ്റിന്റെ സഹായത്തോടെ, കംപ്യൂട്ടറിന്റെ സഹായത്തോടുകൂടി ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങളും സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവയാണ്. സൈബർ മീഡിയയിലൂടെ നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും കുപ്രചരണം നടത്തിയാൽ ഇന്ത്യൻ നിയമം അനുശാസിക്കുന്ന ശിക്ഷയ്ക്ക് പുറമെ ഐ.ടി ആക്ട് പ്രകാരം ജീവപര്യന്തശിക്ഷയും അനുഭവിക്കേണ്ടതായി വരും.

ഒരു വ്യക്തിയയേയോ സ്ഥാപനത്തേയോ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൈബർ മീഡിയയെയോ ഉപകരണങ്ങളെയോ ഉപയോഗിച്ചാൽ 3 വർഷം ശിക്ഷയും 5 ലക്ഷംരൂപവരെ പിഴയും ലഭിക്കാവുന്നതാണ്.


ഒരാളുടെ വിവരങ്ങളോ രേഖകളോ നശിപ്പിക്കാൻ വേണ്ടി അയാളുടെ മൊബൈൽ ഫോണോ ടാബ്‌ലെറ്റോ കംപ്യൂട്ടറോ നശിപ്പിച്ചാൽ ഒരു കോടി രൂപവരെ പിഴയടപ്പിക്കാൻ കോടതിക്ക് അധികാരമുണ്ട്. അധികാരികളെ അറിയിക്കാതെ ഔദ്യോഗികപരമായിട്ടുള്ള രേഖയെ സൈബർമീഡിയയിലൂടെ ചോർത്തുകയാണെങ്കിൽ 3 വർഷംവരെ കഠിനതടവും 2 ലക്ഷം രൂപ പിഴയും ലഭിക്കും. മോഷ്ടിച്ച കംപ്യൂട്ടറോ മൊബൈലോ ഗാഡ്ജറ്റുകളോ ഉപയോഗിക്കുകയാണങ്കിൽ 3 വർഷം വരെ തടവും 5 ലക്ഷംരൂപ പിഴയും ഈടാക്കാൻ നിയമം അനുശാസിക്കുന്നുണ്ട്. സോഷ്യൽ മീഡിയാ ഇ മെയിൽ തുടങ്ങിയവയുടെ പാസവേഡ് അക്കൗണ്ട് ഉടമ അറിയാതെ ഉപയോഗിക്കുകയാണെങ്കിൽ 3 വർഷം വരെ തടവും ഒരു ലക്ഷം രൂപവരെ പിഴയും ഈടാക്കാൻ നിയമമുണ്ട്.


മൊബൈൽ ഫോണിലൂടെ മറ്റുള്ളവരുടെ സ്വകാര്യത ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് 3 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പരിധിവിട്ട് അശ്ലീലവാക്കുകൾ മെസേജ് ആയോ ഇമേജ് ആയോ പ്രചരിപ്പിച്ചാൽ 5 വർഷം കഠിനതടവും 10 ലക്ഷം രൂപവരെ പിഴയും കൊടുക്കേണ്ടിവരും. ഇത് കുട്ടികൾക്കെതിരെ ആണെങ്കിൽ 7 വർഷം വരെ കഠിനതടവ് അനുഭവിക്കേണ്ടതായിവരും. ഫേസ്ബുക്കിൽ ഒരാൾക്കെതതിരെ വ്യാജപ്രൊഫൈൽ ഉണ്ടാക്കി അയാൾക്കെതിരേ കുറ്റകൃത്യങ്ങളോ ആൾമാറാട്ടമോ നടത്തിയാൽ 3 വർഷംവരെ കഠിനതടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കും.

ഒരാളുടെ അനുവാദമില്ലാതെ അയാളുടെ പ്രൊഫൈൽ ഇമേജുകളോ ഇമെയിൽ അഡ്രസ്സുകളോ ഫോൺ നമ്പറുകളോ ഫെയ്‌സ് ബുക്കിലൂടെയോ മറ്റേതെങ്കിലും സോഷ്യൽ മീഡിയയിലൂടെയോ പ്രചരിപ്പിച്ചാൽ ഇപ്പോഴത്തെ നിയമമനുസരിച്ച് അതും ശിക്ഷയ്ക്ക് കാരണമാകും. ഇങ്ങനെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടുത്തി നിരവധി കുറ്റകൃത്യങ്ങൾ ഇന്ന് നടക്കുന്നുണ്ട്. പക്ഷേ അവയ്ക്കുള്ള നിയമനടപടികൾ ഇന്ത്യൻ ശിക്ഷാനിയമത്തിലെയും, ഇൻഫർമേഷൻ ടെക്‌നോളജിയിലെയും, പോലീസ് നിയമം പോലുള്ള നിയമങ്ങളുടേയും വകുപ്പുകളനുസരിച്ചായിരിക്കും കൈക്കൊള്ളുന്നത്.

Leave a Reply

Your email address will not be published. Required fields are marked *