കോവിഡ് 19 വ്യാപനം നടക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വിലക്കയറ്റം തടയുന്നതിനും ജില്ലാ പൊതുവിതരണ വകുപ്പ് നടപടികൾ ശക്തമാക്കുന്നു. സാധനങ്ങൾക്ക് കൃത്രിമ വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ മൊത്ത/ചില്ലറ വ്യാപാരി വ്യവസായി സംഘടനകളുടെ യോഗം ജില്ലാ സപ്ലൈ ഓഫീസിൽ സംഘടിപ്പിച്ചു.
അവശ്യസാധനങ്ങളുടെ ദൗർലഭ്യമോ വിലക്കയറ്റമോ നിലവിൽ ജില്ലയിൽ ഇല്ലെന്നും ഏത് സാഹചര്യവും നേരിടുന്നതിന് സപ്ലൈ ഓഫീസ് സജ്ജമാണെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കുപ്പി വെള്ളത്തിന് 13 രൂപയിൽ കൂടുതൽ ഈടാക്കിയാൽ നിയമ നടപടിയെടുക്കും. ഹോട്ടലുകളിലും ഈ നിരക്ക് ബാധകമാണ്. കരിഞ്ചന്ത തടയുന്നതിനായി എല്ലാ വ്യാപാരികളും സാധനങ്ങളുടെ വിലവിവരപട്ടിക പ്രദർശിപ്പിക്കണം. പൊതുവിപണിയിൽ ദിവസവും പൊതു വിതരണ വകുപ്പിന്റെ പരിശോധനകൾ നടത്തും.
യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി പയസ്സ്, മിൽട്ടൺ, ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി എം. ആർ ഫ്രാൻസിസ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജയപ്രകാശ്, താലൂക്ക് സപ്ലൈ ഓഫീസർ എ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.