വാഷിംഗ്ടണ്‍ ഡിസി: പ്രധാനമന്ത്രി നരേന്ദ്ര മോദി അത്ര നല്ല മൂഡിലല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ-ചൈന അതിർത്തി വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നും ട്രംപ് മോദിയെ അറിയിച്ചു. അതിർത്തി വിഷയത്തിൽ മോദിക്ക് അതൃപ്തിയുണ്ടെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ വലിയൊരു സംഘർഷം നടക്കുന്നുണ്ടെന്നും ട്രംപ് വൈറ്റ് ഹൗസിൽവച്ച് മാധ്യമങ്ങളോട് പറഞ്ഞു.
താൻ ഇന്ത്യയിൽ വരുന്നത് അവർക്ക് ഇഷ്ടമാണ്. ഈ രാജ്യത്തെ മാധ്യമങ്ങൾ തന്നെ ഇഷ്ടപ്പെടുന്നതിനേക്കാൾ കൂടുതൽ ഇന്ത്യക്കാർ തന്നെ ഇഷ്ടപ്പെടുന്നുവെന്ന് താൻ കരുതുന്നു. തനിക്ക് മോദിയെ ഇഷ്ടമാണ്. അദ്ദേഹം ഒരു വലിയ മാന്യനാണെന്നും ട്രംപ് പറഞ്ഞു. ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ ഒരു വലിയ സംഘർഷം നടക്കുന്നുണ്ട്. 1.4 ബില്യണ്‍ ജനങ്ങളുള്ള രണ്ട് രാജ്യങ്ങൾ. വളരെ ശക്തരായ സൈനികരുള്ള രണ്ട് രാജ്യങ്ങൾ. ഇന്ത്യ സന്തുഷ്ടരല്ല. ഒരുപക്ഷേ ചൈനയും സന്തുഷ്ടരാകില്ലെന്നും ട്രംപ് പറഞ്ഞു. താൻ പ്രധാനമന്ത്രി മോദിയോട് സംസാരിച്ചു. ചൈനയുമായുള്ള ഈ സംഘർഷത്തിൽ അദ്ദേഹം ഒട്ടും സന്തുഷ്ടനല്ലെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നപരിഹാര ചർച്ചയിൽ മധ്യസ്ഥത വഹിക്കാൻ തയാറാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.