നിയമപോരോട്ടങ്ങൾ അവസാനിക്കുകയാണ് നിർഭയകേസിൽ. പ്രതികൾക്ക് ഇനി നിയമപരമായ അവകാശങ്ങളുമില്ല. 4 കുറ്റവാളികളെയും ഈ മാസം 20നു രാവിലെ 5.30നു തൂക്കിലേറ്റാൻ പട്യാല ഹൗസ് കോടതിയുടെ മരണ വാറന്റ്. മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവർക്ക് ഇനി നിയമവഴികളൊന്നുമില്ലെന്നു സംസ്ഥാന സർക്കാരും പ്രതിഭാഗവും കോടതിയിൽ അറിയിച്ചതിനു പിന്നാലെയാണു അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദ്ര റാണയുടെ ഉത്തരവ്.
മരണ വാറണ്ട്
നാലാം തവണയാണ് ഇവർക്ക് മരണ വാറന്റ്. കുറ്റവാളിയുടെ വധശിക്ഷ നടപ്പിലാക്കുന്ന സ്ഥലം, സമയം എന്നിവ വിശദീകരിച്ചുകൊണ്ട് കോടതി പുറപ്പെടുവിക്കുന്ന നോട്ടീസ് ആണ് മരണ വാറണ്ട്. നേരത്തേ ജനുവരി 22, ഫെബ്രുവരി 1, മാർച്ച് 3 എന്നീ തീയതികളിൽ വാറന്റ് പുറപ്പെടുവിച്ചെങ്കിലും പ്രതികളുടെ ഹർജികൾ പലതും പരിഗണനയിലിരുന്ന സാഹചര്യത്തിൽ റദ്ദാക്കുകയായിരുന്നു. നിലവിൽ 4 പ്രതികളുടെയും ദയാഹർജി രാഷ്ട്രപതി തള്ളിക്കഴിഞ്ഞു. ഇതിനെതിരെ മുകേഷ് സിങ്ങും വിനയ് ശർമയും സുപ്രീം കോടതിയെ വീണ്ടും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റു രണ്ടുപേർക്കും സുപ്രീം കോടതിയെ സമീപിക്കാൻ അവസരമുണ്ടെങ്കിലും വാറണ്ടിൽ മാറ്റമുണ്ടാകാൻ സാധ്യതയില്ല.
ദയാഹർജിയിൽ തീരുമാനമെടുത്തു 14 ദിവസത്തിനു ശേഷമേ ശിക്ഷ നടപ്പാക്കാവൂ എന്നാണു ചട്ടം. പ്രാർത്ഥിക്കാനും വിൽപത്രം തയാറാക്കാനും കുടുംബത്തെ കാണാനുമാണിത്. ഇതനുസരിച്ചാണു 20 ലേക്കു വാറന്റ് നൽകിയത്. ഇതിനിടെ, തൂക്കിലേറ്റൽ വൈകുന്ന പശ്ചാത്തലത്തിൽ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി 23ലേക്കു മാറ്റി. 20 നു ശിക്ഷ നടപ്പാക്കാൻ വാറന്റ് പുറപ്പെടുവിച്ച സാഹചര്യത്തിലാണിത്. ദയാഹർജി തള്ളിയതിലെ നടപടിക്രമം ചോദ്യംചെയ്ത് പവൻ ഗുപ്തയ്ക്കു സുപ്രീംകോടതിയെ സമീപിക്കാമെന്നതു മാത്രമാണ് നിയമപരമായി ഇനിയുള്ള മാർഗം. അങ്ങനെയെങ്കിൽ, 20-നകം സുപ്രീംകോടതി അതിൽ തീർപ്പുകല്പിച്ചില്ലെങ്കിൽ മാത്രമേ ഇനി ശിക്ഷ നീളാനിടയുള്ളൂ.
ജനുവരി 22-നും പിന്നീട് ഫെബ്രുവരി ഒന്നിനും മാർച്ച് മൂന്നിനും ശിക്ഷ നടപ്പാക്കാൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, പ്രതികളുടെ ദയാഹർജികളും തിരുത്തൽഹർജികളും തീർപ്പാകാത്തതിനാൽ മൂന്നുതവണയും വാറന്റ് റദ്ദാക്കി. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോഴും പവൻ ഗുപ്തയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാൻ കൂടുതൽസമയം അനുവദിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. നിലവിൽ ഹർജികളൊന്നും നിലനിൽക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, വധശിക്ഷയ്ക്കു തീയതി നിശ്ചയിക്കുകയായിരുന്നു.
2012 ഡിസംബർ 16-നു രാത്രിയിൽ ഓടുന്ന ബസിൽവെച്ചാണ് പാരാമെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത്, അതിക്രൂരമായി ഉപദ്രവിച്ചു കൊലപ്പെടുത്തിയത്. ഈ കേസിലാണ് മുകേഷ് കുമാർ സിങ് (32), പവൻ ഗുപ്ത (25), വിനയ് ശർമ (26), അക്ഷയ് കുമാർ സിങ് (31) എന്നിവരെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത്.
ശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ ചെയ്തത്
2002 വരെ അത്ര അറിയപ്പെട്ട വ്യക്തിയായിരുന്നില്ല അഭിഭാഷകനായ എപി സിങ്. രാജ്യം നടുങ്ങിയ നിർഭയ കൂട്ട ബലാൽസംഗ കേസിലെ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതോടെയാണ് എപി സിങ് ശ്രദ്ധിക്കപ്പെട്ടത്. പ്രതികളായ അക്ഷയ് സിങ്, പവൻ കുമാർ ഗുപ്ത എന്നിവർക്ക് വേണ്ടിയാണ് എപി സിങ് കോടതിയിൽ ഹാജരായത്. വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിൽ രണ്ടുപേർക്ക് വേണ്ടി. പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാവ് ആശാ ദേവി പലപ്പോഴും എപി സിങിനെതിരെ പൊട്ടിത്തെറിച്ച സംഭവങ്ങളുമുണ്ടായി.
വിചാരണ കോടതി വധശിക്ഷ വിധിച്ചതോടെ പ്രതികളെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താനാണ് എപി സിങ് ആദ്യം ശ്രമിച്ചത്. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. സുപ്രീംകോടതി ശിക്ഷ ശരിവച്ചതോടെ തിരുത്തൽ ഹർജികളുമായി എപി സിങ് വീണ്ടും കോടതിയിലെത്തി. ഒരു പ്രതി ആത്മഹത്യ ചെയ്തിരുന്നു. ഒരു പ്രതി പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. നാല് പ്രതികളെയാണ് വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. ഇവർ ഓരോരുത്തരായി സുപ്രീംകോടതിയെ സമീപിച്ച് ശിക്ഷ നടപ്പാക്കുന്നത് വൈകിച്ചു. ശേഷം ഹൈക്കോടതിയെയും സമീപിച്ചു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പലതവണ പ്രതികളുടെ അപ്പീൽ ഹർജികളുമായി എപി സിങ് എത്തി. ശേഷം രാഷ്ട്രതിയുടെ മുന്നിൽ ദയാഹർജിയുമായും വന്നു.
ശിക്ഷ നീട്ടിക്കൊണ്ടുപോകാൻ ഓരോ പ്രതികളും വേറെ വേറെയായിട്ടാണ് ഹർജികൾ സമർപ്പിച്ചിരുന്നത്. മരണ വാറണ്ട് നേരത്തെ പുറപ്പെടുവിച്ചെങ്കിലും കോടതിയിൽ ഹർജികൾ വന്നതിനാൽ റദ്ദാക്കേണ്ടി വന്നു. ഏറ്റവും ക്രൂരത കാണിച്ചത് പ്രായപൂർത്തിയാകാത്ത വ്യക്തിയാണെന്ന വിവരം പുറത്തുവന്നതോടെ പ്രായപൂർത്തിയായി പ്രഖ്യാപിക്കുന്ന പ്രായം കുറയ്ക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. മരണശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള എല്ലാ തന്ത്രവും പയറ്റിയ എപി സിങ് നിയമത്തിന്റെ എല്ലാ പഴുതുകളും ഉപയോഗിച്ചു.
തൂക്കുകയറുകൾ
ിഹാറിലെ ബക്സർ ജയിൽ അധികൃതർക്ക് പത്ത് തൂക്കുകയറുകൾ നിർമിക്കാനാണ് നിർദേശം ലഭിച്ചിട്ടുള്ളത്. പ്രതികൾ നിലവിൽ ഡൽഹിയിലെ തിഹാർ ജയിലിലാണ്. മുംബൈ ഭീകരാക്രമണേക്കേസ് പ്രതി അജ്മൽ കസബിനെ തൂക്കിലേറ്റിയ ശേഷം തൂക്കുക്കയറുകൾ നിർമിക്കാൻ ബക്സർ ജയിൽ അധികൃതർക്ക് വീണ്ടും നിർദേശം ലഭിച്ചിട്ടുള്ളത് നിർഭയ കേസിന്റെ വിധിയുടെ പശ്ചാത്തലത്തിലാണ്. തൂക്കുകയർ നിർമിക്കുന്നതിൽ പേരുകേട്ട ജയിലാണ് ബക്സർ. രാജ്യത്തെ എല്ലാ ജയിലുകൾക്കും തൂക്കുകയർ നിർമിച്ചുനൽകുന്നത് ബക്സർ ജയിലിൽനിന്നാണ്. അജ്മൽ കസബിന് പുറമെ പാർലമെൻറാക്രമണക്കേസ് പ്രതി അഫ്സൽ ഗുരുവിനെ തുക്കിലേറ്റിയ കയറും നിർമിച്ച് നൽകിയത് ബക്സറിൽ നിന്നാണ്. തൂക്കിക്കൊല്ലാനുള്ള പ്രതിയുടെ ഉയരത്തിന്റെ 1.6 മടങ്ങ് നീളമുള്ള കയറാണ് വേണ്ടത്. ഒരു കയറുണ്ടാക്കാൻ അഞ്ചോ ആറോ പേർക്ക് മൂന്നുദിവസം വേണം. ബക്സർ ജയിലിൽ ഇതിന് പ്രത്യേകപരിശീലനം കിട്ടിയ തടവുകാരുണ്ട്. അഫ്സൽ ഗുരുവിന്റെ വധശിക്ഷ സമയത്ത് തൂക്കുകയറുണ്ടാക്കിയ ചില തടവുകാർതന്നെയാണ് നിർഭയ പ്രതികൾക്കുള്ള കയർ നിർമിച്ചതെന്നാണ് വിവരം.