ഈ നിയമങ്ങൾ മതിയാവില്ലേ സ്ത്രീ സുരക്ഷയ്ക്ക് ?

                   സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഏഴുവർഷംമുമ്പ് തെക്കൻ ഡൽഹിയിലെ മുനീർക്കയിൽവച്ച് ആ പെൺകുട്ടിക്ക് സംഭവിച്ചത്.. അവളെ കൂട്ട ബലാത്സംഗത്തിന് വിധേയയാക്കി കൊലപ്പടുത്തിയത്.. ആ ഹതഭാഗ്യക്ക് നാം നിർഭയ എന്ന് പേരിട്ടുവിളിച്ചത്… ഇനിയെങ്കിലും സ്ത്രീകൾക്ക് ഭയമില്ലാതെ രാജ്യത്ത് ജീവിക്കാൻ കഴിയുമെന്ന പ്രഖ്യാപനത്തോടെ  രാജ്യത്തെ ക്രിമിനൽ ശിക്ഷാ നിയമങ്ങൾ കർക്കശമാക്കുകയും ചെയ്തിരുന്നു.  അതുവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്ന കുറ്റത്തിന് ജീവപര്യന്തമായിരുന്നു ശിക്ഷയെങ്കിൽ അത് വധശിക്ഷയായി ഉയർത്തിയതും ആ സംഭവത്തിന്റെ തുടർച്ചയായിരുന്നു. എന്നാൽ, നിയമം കർക്കശമാക്കിയതുകൊണ്ടുമാത്രം സ്ത്രീകൾക്ക് നിർഭയമായി രാജ്യത്ത് ജീവിക്കാൻ കഴിയില്ലെന്ന് ഹൈദരാബാദിലും ഉന്നാവിലും അഗർത്തലയിലും ആവർത്തിച്ച ബലാത്സംഗവും കൊലയും വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂട്ട ബലാത്സംഗങ്ങളുടെയും കൊലപാതകങ്ങളുടെയും വാർത്തകൾ മാത്രം. സ്ത്രീ സമൂഹം പിച്ചിച്ചീന്തപ്പെടുന്നതിന്റെ തനിയാവർത്തനം പോലെ..

ഡൽഹിയിലെ കൂട്ടബലാത്സംഗത്തെത്തുടർന്ന് നാടാകെ നടന്ന പ്രക്ഷോഭങ്ങളുടെ ഫലമായാണ് ക്രിമിനൽ നിയമ (ഭേദഗതി) നിയമം, 2013 ഏപ്രിൽ രണ്ടിന് പാർലമെന്റ് പാസാക്കിയത്. ആ വർഷം ഫെബ്രുവരിയിൽത്തന്നെ നിയമം ഓർഡിനൻസായി ഇറങ്ങിയിരുന്നു. നിർഭയ നിയമം എന്നറിയപ്പെടുന്ന ഈ നിയമനിർമാണം ലൈംഗികാതിക്രമങ്ങളുടെ നിർവചനം വിപുലമാക്കി കൂടുതൽ കുറ്റങ്ങൾക്ക് ശിക്ഷ ഉറപ്പാക്കി. അതുവരെ ഇന്ത്യൻ നിയമങ്ങളിൽ ഇല്ലാതിരുന്ന ചില കുറ്റങ്ങൾ ക്രിമിനൽ നിയമത്തിൽ ചേർക്കപ്പെട്ടു.  ഇതിനായി ഇന്ത്യൻ ശിക്ഷാനിയമം, തെളിവുനിയമം, ക്രിമിനൽ നടപടി നിയമം എന്നീ നിയമങ്ങളിൽ പുതിയ വകുപ്പുകൾ ചേർക്കുകയും നിലവിലുണ്ടായിരുന്ന ചിലത് ഭേദഗതി ചെയ്യുകയുമാണ് ചെയ്തത്. ഒപ്പം ബലാത്സംഗത്തിന് കൂടുതൽ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുകയും ചെയ്തു. മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ജെ എസ് വർമ അധ്യക്ഷനായി സർക്കാർ നിയോഗിച്ച സമിതിയുടെ നിർദേശപ്രകാരമായിരുന്നു മാറ്റങ്ങൾ. 

പുതുതായി ചേർത്ത കുറ്റങ്ങൾ ഇവയെല്ലാമാണ്.
1.ആസിഡ് ആക്രമണത്തിന് 10 വർഷത്തിൽ കുറയാത്ത തടവും, ഒളിഞ്ഞുനോട്ടത്തിനു ആദ്യതവണ ഒരു വർഷത്തിൽ കുറയാത്ത തടവും, പുറകെ നടന്ന് ഉപദ്രവിക്കുന്നതിന് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും ശിക്ഷയാക്കി.

  1. ലൈംഗികാതിക്രമത്തിലൂടെ ഒരു സ്ത്രീയുടെ മരണത്തിന് ഇടയാക്കിയാൽ 20 വർഷത്തിൽ കുറയാത്ത കഠിനതടവു മുതൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ടി വരുന്ന വിധത്തിലുള്ള ജീവപര്യന്തം തടവിനും, വധശിക്ഷയ്ക്കും വരെ ശിക്ഷിക്കാം എന്നും നിയമം അനുശാസിക്കുന്നു.
  2. കൂട്ടബലാത്സംഗത്തിന് 20 വർഷത്തിൽ കുറയാത്തത് മുതൽ ജീവപര്യന്തം വരെ ഉള്ള കഠിനതടവും നഷ്ടപരിഹാരവും വിധിക്കാം എന്നും ഭേദഗതിയിലൂടെ വ്യവസ്ഥ ചെയ്തു.

നിയമത്തിന്റെ പരിധിയിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യം ബലാത്സംഗം മാത്രമല്ല. “ലൈംഗികാതിക്രമം’എന്ന വാക്കാണ്് നിയമത്തിൽ ഉപയോഗിക്കുന്നത്. ബലാത്സംഗം അടക്കമുള്ള ലൈംഗികാക്രമണങ്ങളെല്ലാം ഇതിനു കീഴിൽപ്പെടുത്തി നിർവചനം വിപുലമാക്കിയിട്ടുണ്ട്. ലൈംഗികാതിക്രമം, ആസിഡ് ആക്രമണം, ഒളിഞ്ഞുനോട്ടം, പിന്തുടർന്ന് ശല്യംചെയ്യൽ തുടങ്ങിയവ ഈ നിയമനിർമാണത്തിലൂടെ ഇന്ത്യൻ ശിക്ഷാനിയമത്തിൽ പുതുതായി ചേർത്തവയാണ്. അതിക്രമത്തിനെതിരെ ശാരീരികമായ ചെറുത്തുനിൽപ്പ് ഉണ്ടായോ ഇല്ലയോ എന്നത് പ്രസക്തമല്ല. പലപ്പോഴും ഇരയുടെ സമ്മതത്തോടെയാണ് അക്രമം നടന്നതെന്നു വരുത്താൻ പ്രതിഭാഗം ശ്രമിക്കുകയും ഈ പഴുതിലൂടെ പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തിയത്. സമ്മതത്തോടെ ലൈംഗികവേഴ്ചയ്ക്കുള്ള പ്രായപരിധി 16 എന്നതിൽനിന്ന് 18 ആയി ഉയർത്തിയതാണ് മറ്റൊരു സാരമായ മാറ്റം. 18ൽ താഴെ പ്രായമുള്ള പെൺകുട്ടികളുമായി സമ്മതത്തോടെയുള്ള ലൈംഗികവേഴ്ച നടത്തിയാലും അത് ബലാത്സംഗമാകും. പുതുതായി ചേർത്ത കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയും നിയമത്തിലുണ്ട്.

ആസിഡ് ആക്രമണത്തിന് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തംവരെ നീളാവുന്നതുമായ തടവുശിക്ഷ ലഭിക്കാം. 10 ലക്ഷം രൂപവരെ പിഴയും വിധിക്കാനാകും. ആസിഡ് ആക്രമണത്തിനുള്ള ശ്രമമാണെങ്കിൽ അഞ്ചുമുതൽ ഏഴുവർഷംവരെ ജയിൽവാസവും പിഴയും ശിക്ഷ ലഭിക്കാം.
ഒളിഞ്ഞുനോട്ടത്തിന് ആദ്യതവണ ഒരുവർഷത്തിൽ കുറയാത്ത തടവാണ് കുറഞ്ഞ ശിക്ഷ. ഇത് മൂന്നു വർഷംവരെ നീളാം, പിഴയും ഈടാക്കാം. കുറ്റം ആവർത്തിച്ചാൽ മൂന്നുവർഷത്തിൽ കുറയാത്തതും ഏഴുവർഷംവരെ നീട്ടാവുന്നതുമായ തടവും പിഴയും ശിക്ഷകിട്ടാം. സ്വകാര്യമായി സ്ത്രീകളെ നിരീക്ഷിക്കുന്നത് ഒളിഞ്ഞുനോട്ടത്തിന്റെ പരിധിയിൽവരും. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകളുടെ ചിത്രമെടുക്കുന്നതും ശിക്ഷാർഹമാണ്. കുളിമുറിയിലെ എത്തിനോട്ടം, സ്വകാര്യമായുള്ള ലൈംഗികപ്രവൃത്തികൾ ഒളിഞ്ഞുനോക്കൽ തുടങ്ങിയവയൊക്കെ ഒളിഞ്ഞുനോട്ടത്തിന്റെ നിർവചനത്തിൽപ്പെടും. പിന്തുടർന്ന് ശല്യംചെയ്യലിന് വിപുലമായ നിർവചനമാണ് നിയമം നൽകുന്നത്. ഒരു വ്യക്തിയുടെ പ്രകടമായ അനിഷ്ടം അവഗണിച്ച്് വ്യക്തിബന്ധം സ്ഥാപിച്ചെടുക്കണമെന്ന ഉദ്ദേശ്യത്തോടെ തുടർച്ചയായി പിന്തുടരുകയും നിരീക്ഷിക്കുകയും ചെയ്താൽ അത് നിയമപരിധിയിൽ വരും. ഇത്തരം നീക്കം ഇരയാകുന്ന വ്യക്തിയിൽ അതിക്രമത്തെക്കുറിച്ചുള്ള ഭയാശങ്കയും അസ്വസ്ഥതയും സൃഷ്ടിച്ചാൽ കുറ്റംചെയ്തതായി കണക്കാക്കും. നടന്നും വാഹനത്തിലും മറ്റുമുള്ള പിന്തുടരൽ മാത്രമല്ല നിയമത്തിന്റെ പരിധിയിൽവരിക. ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെയുള്ള പിന്തുടരലും നിയമത്തിലെ നിർവചനത്തിൽ വരും.

ഇന്റർനെറ്റോ, ഇ-മെയിലോ, മറ്റ് ഇലക്ട്രോണിക് ആശയവിനിമയ മാധ്യമങ്ങളോ ഉപയോഗിച്ച് ഈ കുറ്റം ചെയ്താലും ശിക്ഷ ലഭിക്കും. ബലാത്സംഗത്തിനുള്ള ശിക്ഷ ഏഴുവർഷത്തിൽ കുറയാത്തതും പരമാവധി ജീവപര്യന്തം തടവും പിഴയും ആയി നിയമം മാറ്റി. ഗുരുതരമായ സാഹചര്യങ്ങളിൽ, 10 വർഷത്തിൽ കുറയാത്തതുമുതൽ ജീവപര്യന്തംവരെ തടവും പിഴയുമായി ശിക്ഷ കൂട്ടാനും വ്യവസ്ഥചെയ്തു. ലൈംഗികാതിക്രമത്തിലൂടെ ഒരു സ്ത്രീയുടെ മരണത്തിന് ഇടയാക്കിയാൽ 20 വർഷത്തിൽ കുറയാത്ത കഠിനതടവുമുതൽ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കേണ്ട വിധത്തിലുള്ള ജീവപര്യന്തം തടവിനോ വധശിക്ഷയ്‌ക്കോവരെ ശിക്ഷിക്കാമെന്നും നിയമം പറയുന്നു. പിഴയും ശിക്ഷയും ഉണ്ടാകും. അക്രമത്തിലൂടെ ഒരു സ്ത്രീയെ ജീവച്ഛവമാക്കിയാലും ഇതേ ശിക്ഷ ലഭിക്കാം. കൂട്ടബലാത്സംഗത്തിന് 20 വർഷത്തിൽ കുറയാത്തതുമുതൽ ജീവപര്യന്തംവരെയുള്ള കഠിനതടവും നഷ്ടപരിഹാരവും വിധിക്കാമെന്നും ഭേദഗതിയിലൂടെ വ്യവസ്ഥയായി.

ചികിത്സാചെലവും നഷ്ടപരിഹാരത്തിൽ പെടുത്താം. ബലാത്സംഗത്തിന്റെ നിർവചനവും നിയമം വിപുലമാക്കുന്നുണ്ട്. ലിംഗം ഉള്ളിൽക്കടത്തിയുള്ള അതിക്രമം മാത്രമല്ല ഇപ്പോൾ ബലാത്സംഗമാകുക. മറ്റെന്തും ഉള്ളിൽക്കടത്തിയുള്ള അതിക്രമവും ബലാത്സംഗം ആക്കിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരും സൈനികരും ജയിൽ ഉദ്യോഗസ്ഥരും ബലാത്സംഗം ചെയ്താൽ കർശനശിക്ഷ വിധിക്കുന്ന പ്രത്യേക വ്യവസ്ഥകളും നിയമത്തിലുണ്ട്. അധികാരമുള്ളവരും പൊതുപ്രവർത്തകരും അവർക്കു കീഴിലുള്ളവരുടെ മേൽ നടത്തുന്ന അതിക്രമവും ഇത്തരത്തിൽ പരിഗണിക്കും. അധ്യാപകനോ രക്ഷിതാവോ ബന്ധുവോ അവരിൽ വിശ്വാസം അർപ്പിക്കുന്നവരെ ബലാത്സംഗം ചെയ്താൽ അവർക്കും ഈ വ്യവസ്ഥകൾപ്രകാരം ശിക്ഷ ലഭിക്കും. വർഗീയകലാപങ്ങൾക്കിടെ ബലാത്സംഗം നടത്തുന്നവരും ഇതേ രീതിയിൽ കർശനമായി ശിക്ഷിക്കപ്പെടും. ശാരീരികവും മാനസികവുമായ അവശതയുള്ളവരെ പീഡിപ്പിക്കുന്നവർക്കും സമാനമായ ശിക്ഷ ലഭിക്കും. ചികിത്സയിലുള്ളവരെ ബലാത്സംഗംചെയ്യുന്ന ആശുപത്രി അധികാരികൾ തുടങ്ങിയ മറ്റു ചില വിഭാഗങ്ങളിൽ പെട്ടവർക്കുകൂടി ഈ നിയമവ്യവസ്ഥപ്രകാരം ശിക്ഷ നൽകാം. സാധാരണ ബലാത്സംഗ കേസുകളിൽ കുറഞ്ഞ ശിക്ഷ ഏഴുവർഷമാണെങ്കിൽ ഇത്തരക്കാർക്ക് കുറഞ്ഞ ശിക്ഷ 10 വർഷമാണെന്ന് നിയമം പറയുന്നു. ആ ശിക്ഷ ശേഷിച്ച ജീവിതകാലം മുഴുവൻ നീളുന്ന തടവുവരെയാകാമെന്നും വ്യവസ്ഥചെയ്യുന്നു.

ലൈംഗിക ഉദ്ദേശ്യത്തോടെ നടത്തുന്ന സ്പർശം, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചുള്ള അഭ്യർഥന, ലൈംഗികച്ചുവയോടെയുള്ള സംസാരം, അശ്ലീലദൃശ്യങ്ങൾ നിർബന്ധിച്ചു കാണിക്കൽ തുടങ്ങിയവയൊക്കെ നിയമത്തിലെ മാറ്റത്തിലൂടെ ലൈംഗികാതിക്രമങ്ങളുടെ പട്ടികയിൽ വന്നിട്ടുണ്ട്. ഒരുകൊല്ലംമുതൽ മുകളിലേക്ക് തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് ഇവ പലതും. പൊതുസ്ഥലത്ത് സ്ത്രീയുടെ വസ്ത്രം അഴിച്ചാൽ അതിനുള്ള ശിക്ഷയും പ്രത്യേകമുണ്ട്. മൂന്നുവർഷത്തിൽ കുറയാത്തതും ഏഴുവർഷം വരെ നീളാവുന്നതുമായ തടവും പിഴയും ഈ കുറ്റത്തിനു ലഭിക്കാം. പുതിയ ഭേദഗതികൾക്ക് അനുസൃതമായ മാറ്റങ്ങൾ തെളിവു നിയമത്തിൽ വരുത്താനുള്ള വ്യവസ്ഥകളും ഭേദഗതിനിയമത്തിലുണ്ട്.

നിയമം പരിഷ്‌കരിച്ചിട്ടും വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയിട്ടും ഇന്നും പരിഷ്‌കൃതസമൂഹത്തിന് ഒട്ടും ഭൂഷണമായ കാര്യങ്ങളല്ല നടന്നുകൊണ്ടിരിക്കുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ് ലോക്‌സഭയിൽ പറഞ്ഞതുപോലെ നിയമം കർക്കശമാക്കിയതുകൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്. നിർഭയ സംഭവത്തിന് ശേഷമുള്ള കണക്കുകൾ പരിശോധിച്ചാൽമാത്രം ഇക്കാര്യം വ്യക്തമാകും. 2017ലെ നാഷണൽ ക്രൈം ബ്യൂറോയുടെ റെക്കോഡ് അനുസരിച്ച് സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾക്ക് 3.59 ലക്ഷം കേസുകളാണ് രജിസ്റ്റർ ചെയ്തത്. മൂന്നര ലക്ഷം കേസുകളിൽ വിചാരണ നടന്നത് 1.46 ലക്ഷം കേസുകളിൽ മാത്രമാണ്. ഇതിൽ 32,559 എണ്ണവും ബലാത്സംഗ കേസുകളായിരുന്നു. ശിക്ഷിക്കപ്പെട്ടത് 5822 കേസുകൾ മാത്രവും. അതായത് സ്ത്രീകൾക്കെതിരായ ആക്രമണസംഭവങ്ങളിൽ 32.2 ശതമാനം കേസുകളിൽമാത്രമാണ് ശിക്ഷ വിധിക്കപ്പെട്ടത്. മൂന്നിൽരണ്ട് കേസുകളിലും അക്രമികൾ രക്ഷപ്പെടുകയാണെന്നർഥം. ഈ കണക്കുകൾപോലും പുറത്തുവിടാൻ വിമുഖതകാട്ടുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. മേൽപ്പറഞ്ഞ 2017ലെ വസ്തുതകൾപോലും 2019 ലാണ് പുറത്തുവിട്ടത്.
ഉന്നാവിൽ തീ കൊളുത്തിക്കൊന്ന യുവതി മാറി മാറി രണ്ട് പൊലീസ് സ്റ്റേഷനുകളിൽ തന്നെ പീഡിപ്പിക്കുന്നവർക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തില്ലെന്നുമാത്രമല്ല, അവരെ ഇറക്കി വിടുകയാണ് ചെയ്തത്. കേസെടുക്കാൻ കോടതി ഇടപെടേണ്ടിവന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതും കാര്യക്ഷമമായ അന്വേഷണം നടത്താത്തതുമാണ് പല കേസുകളിലും പ്രതികൾ രക്ഷപ്പെടാൻ അവസരമൊരുക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ശരിയായി നിരീക്ഷിക്കുന്നതുപോലെ നീതി ലഭ്യമാക്കുന്നതിലുള്ള കാലതാമസംതന്നെയാണ് പ്രധാന പ്രശ്‌നം. നീതിന്യായസംവിധാനത്തിലുള്ള വിശ്വാസ്യത തകരുന്നതിന് പ്രധാന കാരണവും ഇതുതന്നെ.

Leave a Reply

Your email address will not be published. Required fields are marked *