ഉത്ര കൊലക്കേസിൽ സൂരജിന് മണിച്ചിത്രപൂട്ട്; കുറ്റപത്രം സമർപ്പിച്ചു

കൊല്ലം: ഉത്ര കൊലക്കേസിൽ സൂരജിന് മണിച്ചിത്ര പൂട്ടു വീണു. അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് സൂരജിനെ മാത്രം പ്രതിയാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതക ശ്രമത്തിലും കൊലപാതകത്തിലും മറ്റുള്ളവർക്കു പങ്കുള്ളതായി പറയുന്നില്ല. കേസിലെ രണ്ടാം പ്രതിയായിരുന്ന പാമ്പുപിടുത്തകാരൻ സുരേഷിനെ കോടതി നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. 300 രേഖകളും 252 സാക്ഷികളും ഉൾപ്പെടെ 1000 പേജുള്ള കുറ്റപത്രത്തിൽ കൊലപാതകം, വധശ്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെയുള്ള വകുപ്പുകളാണു സൂരജിനെതിരെ ചുമത്തിയിട്ടുള്ളത്. ഗാർഹിക പീഡനത്തിനുള്ള കുറ്റപത്രം ഉടൻ സമർപ്പിക്കും.

കൊട്ടാരക്കര റൂറൽ എസ്പി എസ്. ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിച്ചത്. ഉത്രയെ കൊലപ്പെടുത്തിയതു താനാണെന്നു പ്രതി സൂരജ് അടൂർ പറക്കോട്ടെ വീട്ടിൽ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു. ഉത്രയെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ വാങ്ങിയ അണലിയാണു പറക്കോട്ടെ വീട്ടിൽ ഉത്രയെ കടിച്ചതെന്നു സൂരജ് അന്വേഷണ സംഘത്തോടു സമ്മതിച്ചിട്ടുണ്ട്. ഉത്രയ്ക്കു കടിയേറ്റതു മുറിയിൽ വച്ചാണെന്നു കുടുംബാംഗങ്ങൾക്ക് അറിയാമായിരുന്നെങ്കിലും അവർ ഇതു മറച്ചുവച്ചതായും അന്വേഷണസംഘം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *